രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനില്ല?; കഴിഞ്ഞ ദിവസം നടത്തിയത് വിടവാങ്ങല്‍ പ്രസംഗമോ?
national news
രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനില്ല?; കഴിഞ്ഞ ദിവസം നടത്തിയത് വിടവാങ്ങല്‍ പ്രസംഗമോ?
ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 11:42 pm

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്ത് നടക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അരമണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം കഴിഞ്ഞപ്പോള്‍ പലര്‍ക്കും ചില സംശയങ്ങളുണ്ടായി. അവയില്‍ പ്രധാനമായ സംശയം രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണോ എന്നതായിരുന്നു. അങ്ങനെ ഒരു സംശയം തോന്നിപ്പിക്കുന്നതായിരുന്നു ആ പ്രസംഗമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ഡി.എം.കെയെയും എ.ഐ.ഡി.എം.കെയെയും അവരുടെ ശക്തി അനുസരിച്ച് നേരിടാന്‍ ബുദ്ധിമുട്ടാണെന്ന് പ്രസംഗത്തില്‍ രജനീകാന്ത് സമ്മതിച്ചു. ഒരു മാറ്റത്തിന് വേണ്ടി ജനങ്ങളോട് ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ രജനീകാന്ത് ആവശ്യപ്പെട്ടു. അതിന് തനിക്ക് സാക്ഷിയാവണമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതില്‍ നിന്നുള്ള രജനീകാന്തിന്റെ പിന്മടക്കമാണ് കാണിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ രണ്ട് ദശകങ്ങളായി രജനീകാന്ത് സൂചിപ്പിക്കാറുള്ളതാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്. 2017ല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം നടപ്പിലാക്കിയെടുക്കണമെന്ന് രജനീകാന്തിന് ഇപ്പോള്‍ ആഗ്രഹമില്ലാത്ത പോലെയാണ് രാഷ്ട്രീയ പ്രസ്താവനകളെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

പോരാട്ടം ആരംഭിക്കുന്നതിന് മുമ്പേ തന്നെ പടക്കളം വിട്ടോടി പോവുന്നത് പോലെയാണിത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഭയം നിറഞ്ഞു നില്‍ക്കുന്നത് കാണാം. പിന്‍വാങ്ങുവാന്‍ സ്വീകരിക്കാവുന്ന മാന്യമായ മാര്‍ഗമാണിതെന്ന് മദ്രാസ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ പ്രൊഫ. രാമു മണിവണ്ണന്‍ പറഞ്ഞു.

യുവതയാണ് തന്റെ പാര്‍ട്ടിയെ നയിക്കുക എന്ന് രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ സംഘടന രൂപീകരണം എവിടെയും എത്തിയിട്ടില്ല. താഴെ തട്ടിലെ യാഥാര്‍ത്ഥ്യവും രജനീകാന്തിനെ ഭയപ്പെടുത്തുന്നുണ്ടാവാം എന്നും നിരീക്ഷകര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ