100 കോടി രൂപ വാങ്ങിയ രാജമൗലി, ലാഭ വിഹിതം വാങ്ങുന്ന സഞ്ജയ് ബന്‍സാലി; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകര്‍
Entertainment news
100 കോടി രൂപ വാങ്ങിയ രാജമൗലി, ലാഭ വിഹിതം വാങ്ങുന്ന സഞ്ജയ് ബന്‍സാലി; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th December 2021, 3:12 pm

ഒരു സിനിമയുടെ അമരക്കാരന്‍ അത് സംവിധായകനാണ്. തിരക്കഥാകൃത്ത് എഴുതിയ കഥയ്ക്കും സംഭാഷണങ്ങള്‍ക്കും രൂപം കൊടുത്ത് സിനിമയുടെ ആദ്യ രൂപം ഉണ്ടാകുന്നത് സംവിധായകന്റെ ഉള്ളിലാണ്. പലപ്പോഴും സിനിമയിലെ താരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ബിസിനസ് നടക്കുന്നത്.

ചില സമയങ്ങളില്‍ സംവിധായകനെ കേന്ദ്രീകരിച്ചും സിനിമയുടെ ബിസിനസ് നടക്കാറുണ്ട്. നൂറ് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഉണ്ട്.

പ്രതിഫല കാര്യത്തില്‍ നായകന്മാരെ വെച്ച് നോക്കുമ്പോള്‍ സംവിധായകരുടെ പ്രതിഫലം കുറവാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ ആരൊക്കെയാണെന്ന് നോക്കാം.

എസ്.എസ്. രാജമൗലി

ബാഹുബലിയുടെ ഗംഭീര വിജയത്തോടെ ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന സംവിധായകനാണ് എസ്.എസ് രാജമൗലി. ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നതിന് 100 കോടി രൂപയാണ് രാജമൗലി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്

450 കോടി രൂപയ്ക്ക് നിര്‍മ്മിച്ച ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളില്‍ ആദ്യ ഭാഗം മാത്രം 434 കോടി രൂപയാണ് നേടിയത്.

രോഹിത് ഷെട്ടി

ബോളിവുഡില്‍ സ്ഥിരമായി ബോക്‌സോഫീസ് വിജയം കൊയ്യുന്ന സംവിധായകരില്‍ ഒരാളാണ് രോഹിത് ഷെട്ടി. മാസ് മസാല സിനിമകള്‍ ഒരുക്കുന്നതില്‍ രോഹിത് ഷെട്ടിക്ക് പ്രത്യേക കഴിവാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളാണ് രോഹിത് ഷെട്ടി.

ഒരു സിനിമയ്ക്ക് 25 മുതല്‍ 30 കോടി രൂപ വരെയാണ് രോഹിത് ഷെട്ടി ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ശങ്കര്‍

തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകനാണ് ശങ്കര്‍. ശിവാജി, യെന്തിരന്‍, റോബോ 2.0 തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സാങ്കേതിക തികവിന്റെ സഹായത്തോടെ ഒരുക്കിയിരുന്നു. കോടികളുടെ മണി കിലുക്കം ഈ സിനിമകള്‍ ബോക്‌സോഫീസില്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. 40 കോടി രൂപയാണ് ശങ്കര്‍ തന്റെ പുതിയ സിനിമയായ ഇന്ത്യന്‍ 2 വിന് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കരണ്‍ ജോഹര്‍

 

അഞ്ചുവര്‍ഷമായി സംവിധാന രംഗത്ത് നിന്ന് വിട്ടുനിന്ന കരണ്‍ ജോഹര്‍ വീണ്ടും സംവിധാന രംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരിച്ചുവരുന്നത്. 12 കോടി രൂപയാണ് ഈ ചിത്രത്തിന് കരണ്‍ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ് കുമാര്‍ ഹിരാനി

രാജ് കുമാര്‍ ഹിരാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കോടി കണക്കിന് രൂപയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും ബോക്‌സോഫീസില്‍ നിന്ന് വാരുന്നത്. പി.കെ, ത്രീ ഇഡിയറ്റ്‌സ്, മുന്നാഭായി, സഞ്ജു തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്ത് ഹിറ്റ് ചാര്‍ട്ടില്‍ കയറിയത്.

ഒരു ചിത്രത്തിന് 24 കോടി രൂപയോളമാണ് രാജ് കുമാര്‍ ഹിരാനി ഈടാക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി

പടുകൂറ്റന്‍ സെറ്റുകളും വസ്ത്രാലങ്കാരങ്ങള്‍ കൊണ്ടും സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകള്‍ എന്നും ആരാധകര്‍ക്ക് ഒരു കൗതുകമാണ്. ബോക്‌സോഫീസിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുള്ള അദ്ദേഹം പക്ഷേ പ്രത്യേകമായി ഒരു പ്രതിഫലം വാങ്ങാറില്ല.

തന്റെ സിനിമയില്‍ നിന്ന് എത്രയാണോ കളക്ഷന്‍ നേടുന്നത്. അതില്‍ ഒരു നിശ്ചിത ശതമാനം പ്രതിഫലമായി വാങ്ങാറാണ് പതിവ്.

എ.ആര്‍. മുരുഗദോസ്

കോളിവുഡിലും ബോളിവുഡിലും ഒരേപോലെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് എ.ആര്‍. മുരുകദോസ്. ഗജനി, കത്തി, സര്‍ക്കാര്‍, തുപ്പാക്കി, ദര്‍ബാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ മുരുകദോസിന്റെതായി എത്തിയിട്ടുണ്ട്. തന്റെ ഒടുവിലെത്തെ ചിത്രമായ ദര്‍ബാറിന് വേണ്ടി 14 കോടി രൂപ പ്രതിഫലമായി വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.

മണിരത്‌നം

ടിപ്പിക്കല്‍ തമിഴ് സിനിമകളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന സംവിധായകനാണ് മണിരത്‌നം. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രത്യേകമായി തന്നെ ആരാധകരുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഒരു സിനിമയ്ക്ക് 9 കോടി രൂപ പ്രതിഫലം വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയ്ക്ക് എത്രയാണ് മണിരത്‌നം പ്രതിഫലം വാങ്ങിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

വിവരങ്ങള്‍ക്ക് കടപ്പാട് Koimoi

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Rajamouli, Sanjay Bhansali,Rohith Shetty, Shankar ; The highest paid directors in India