'വൈകിവന്ന നീതിയുടെ കിരണം'; സിദ്ദീഖ് കാപ്പന്റെ ജാമ്യത്തില്‍ ഭാര്യ റൈഹാന
Kerala News
'വൈകിവന്ന നീതിയുടെ കിരണം'; സിദ്ദീഖ് കാപ്പന്റെ ജാമ്യത്തില്‍ ഭാര്യ റൈഹാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd December 2022, 8:23 pm

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് ഭാര്യ റൈഹാന സിദ്ദിഖ്.

വൈകിയാണ് വന്നത്, എങ്കിലും സന്തോഷം. ഓര്‍ഡര്‍ കയ്യില്‍ കിട്ടിയിട്ടില്ല. അത് കിട്ടിയാലേ ബാക്കി കാര്യങ്ങള്‍ അറിയൂ എന്നും റൈഹാന മാധ്യമങ്ങളോട് പ്രതികരിച്ചു.

യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷന്‍ നടപടികള്‍ നാല് മാസമായിട്ടും പൂര്‍ത്തിയായില്ലെന്നും റൈഹാന സിദ്ദീഖ് പറഞ്ഞു.

‘ഇ.ഡി കേസില്‍ കാപ്പന് ജാമ്യം ലഭിച്ചു. വൈകിയാണെങ്കിലും നീതിയുടെ കിരണം…
അല്‍ഹംദുലില്ലാഹ്,’ എന്നാണ് റൈഹാന സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ഇതോടെ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയും.

ഇ.ഡി കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് സിദ്ദീഖ് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യു.എ.പി.എ ചുമത്തി രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് കാപ്പന് സുപ്രീം കോടതി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചത്.

എന്നാല്‍, കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കാപ്പനെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണിപ്പോള്‍ ജാമ്യം ലഭിച്ചത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

Content Highlight: Raihana Siddique on Siddique Kappan’s Bail on ED case