ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Supreme Court
സുപ്രീംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം; അന്വേഷണം ഉന്നതാധികാര സമിതിക്ക് വിടണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 9:28pm

 

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റീസിനെതിരെ ജഡ്ജിമാര്‍ നടത്തിയ ആരോപണത്തെ പറ്റി വ്യക്തമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി ഉന്നതാധികാര സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രാധാന്യത്തോടെ പരിശോധിക്കപ്പെടെണ്ടതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയായേക്കാവുന്ന പ്രശ്‌നങ്ങള്‍ ആണ് ഇന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ജസ്റ്റീസ് ലോയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ ഉയര്‍ന്നിരുന്നു. ലോയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതോടൊപ്പം അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ജസ്റ്റീസുമാരുടെ വാര്‍ത്താസമ്മേളനത്തിനുശേഷം കോണ്‍ഗ്രസ്സ് നേതാക്കളായ കബില്‍ സിബലും, പി.ചിദംബരവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തെപ്പറ്റി രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്നാരോപിച്ച് ജസ്റ്റീസുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റീസ് ചെലമേശ്വരര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നീ ജഡ്ജിമാര്‍ ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

കഴിഞ്ഞ കുറേ മാസങ്ങളായി ഒരു കോടതിക്കുള്ളില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചിലകാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും ജസ്റ്റീസുമാര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

Advertisement