എഡിറ്റര്‍
എഡിറ്റര്‍
വിശ്വസിച്ചാലും ഇല്ലെങ്കിലും; രാഹുല്‍ ഗാന്ധി സഭയുടെ നടുത്തളത്തില്‍
എഡിറ്റര്‍
Wednesday 6th August 2014 3:02pm

rahulgandhi ന്യൂദല്‍ഹി:  കേന്ദ്ര സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയുടെ നടുത്തളത്തില്‍. സഭാനടപടികളില്‍ മൗനം പാലിക്കാറുള്ള രാഹുല്‍ രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭയെ ഞെട്ടിച്ച് കൊണ്ട് നടുതളത്തിലിറങ്ങിയത്.

ലോക്‌സഭയില്‍ സ്പീക്കര്‍ പക്ഷപാതം കാട്ടുകയാണെന്നും ഒരു വിഭാഗത്തിന്റെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്ന നിലപാടാണ് സ്പീക്കര്‍ക്കെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.  വര്‍ഗീയ കലാപം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നാരോപിച്ച് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചത് ലോക്‌സഭയില്‍ ബഹളത്തിനിടയാക്കിയിരുന്നു.

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ നടക്കുമ്പോള്‍ അതേക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നിഷ്പക്ഷത പാലിക്കേണ്ട സ്പീക്കര്‍ പോലും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്. ചര്‍ച്ച വേണമെന്ന് താനടക്കമുള്ള പല നേതാക്കളും സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്ത വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം 70 ലധികം വര്‍ഗ്ഗീയ കലാപങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ലോകസഭയുടെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നോട്ടീസ് ശൂന്യവേളയില്‍ ചര്‍ച്ചചെയ്യാമെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇതോടെ ബഹളമാരംഭിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് നീതി ലഭിക്കുന്നില്ല എന്നും ആരോപിച്ചു. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടുത്തളത്തിലിറങ്ങിയതോടെ പത്തു മിനുട്ട് സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ ഇടവേളയില്‍ പുറത്തിറങ്ങിയപ്പോഴാണ് പാര്‍ലമെന്റില്‍ ഒരാളുടെ ശബ്ദത്തിന് മാത്രമേ പ്രസക്തിയുള്ളൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചത്.

എന്നാല്‍ രാഹുലിന് നിരാശയുള്ളതിനാലാണ് സഭയില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നും നരേന്ദ്രമോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ആരോപണം പാര്‍ലമെന്റ് മര്യാദകള്‍ക്ക് നിരക്കാത്താതാണെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ചേരാത്തതാണെന്നും ബി.ജെ.പിയും ശിവസേനയും ആരോപിച്ചു.

Advertisement