ഞാന്‍ മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല്‍
kERALA NEWS
ഞാന്‍ മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 11:22 am

തൃപ്പയാര്‍: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കപട വാഗ്ദാനം നല്‍കുന്നയാളല്ല താനെന്നും ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് താന്‍ ഒരു കാര്യം പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. തൃപ്പയാറില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചിരിക്കും. ഈ മന്ത്രാലയം നിങ്ങളുടെ ഓരോരുത്തരുടേയും അഹിംസാത്മകമായ ആയുധമായിരിക്കുമെന്നും മത്സ്യത്തൊഴിലാളികളുമായി സംവദിക്കവേ രാഹുല്‍ പറഞ്ഞു.


ഇമ്രാന്‍ ഖാന്‍ അത്ര മഹാമനസ്‌ക്കനാണെങ്കില്‍ മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുനല്‍കണം; ഇനി സംസാരമില്ല, നടപടി മാത്രമെന്നും സുഷ്മ സ്വരാജ്


മത്സ്യത്തൊഴിലാളികളടക്കം സാധാരണ ജനങ്ങളുടെ ശബ്ദം മോദി കേള്‍ക്കുന്നില്ല. എന്നാല്‍ അംബാനിക്കും നീരവ് മോദിക്കും മോദിയോട് കാര്യങ്ങള്‍ പറയണമെങ്കില്‍ അത് പത്ത് സെക്കന്റില്‍ സാധ്യമാകുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദിയുടെ വിദേശനയം പരാജയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എന്‍ സുരക്ഷാ സമിതിയില്‍ എതിര്‍ത്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദല്‍ഹിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുല്‍ പരിഹസിച്ചു.

ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.