എഡിറ്റര്‍
എഡിറ്റര്‍
മോദിക്ക് മറുപടിയായി രാഹുലിന്റെ കൂറ്റന്‍ റോഡ്‌ഷോ, പിന്തുണയുമായി ബിസ്മില്ലാഖാന്റെ കുടുംബവും
എഡിറ്റര്‍
Saturday 10th May 2014 3:57pm

rahul-road-show

വാരണാസി : ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ കൂറ്റന്‍ റോഡ് ഷോയ്ക്ക് മറുപടിയായി വാരണണിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ. മോദിക്ക് റാലി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ച വാരാണസിയിലാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി രാഹുലിന്റെ റോഡ്‌ഷോ നടത്തിയത്.

രാഹുലിന്റെ റോഡ്‌ഷോയ്ക്ക് പിന്തുണയുമായി അന്തരിച്ച ഷെഹനായ് വിദഗ്ധന്‍ ബിസ്മില്ലാഖാന്റെ കുടുംബവും വാരാണസിയില്‍ എത്തിയിരുന്നു. മോദിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവയ്ക്കണമെന്ന അഭ്യര്‍ത്ഥന നിരസിച്ച ബിസ്മില്ലാഖാന്റെ മകന്‍ ഷാസിം ഹുസൈന്‍ ബിസ്മില്ല തന്റെ കുടുംബം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ച തൂവാല അണിഞ്ഞുകൊണ്ടാണ് ഖാന്റെ കുടുംബം ഇന്ന് രാഹുലിനെ പിന്തുണയ്ക്കാനെത്തിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും നരേന്ദ്ര മോദിയും നടത്തിയ റാലികളേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിയായിരുന്നു രാഹുലിന്റെ റോഡ് ഷോ. മോദിയ്ക്ക് അനുമതി നിഷേധിച്ച ബെനിയാബാഗിലും രാഹുലെത്തി.

ഇതിനെതിരെ ബി.ജെ.പി ആരോപണം ഉന്നയിച്ചു. സുരക്ഷാ കാരണങ്ങളല്ല രാഷ്ട്രീയ കാരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് റോഡ് ഷോ നടത്താന്‍ അനുമതി നല്‍കാതിരുന്നതിന് പിന്നില്ലെന്നാണ് ബി.ജെ.പി ആരോപിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്ന നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് അനുമതി നിഷേധിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍ വാസ്‌നിക്, മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. റോഡ്‌ഷോയ്ക്ക് ശേഷം സത്വാനില്‍ നടക്കുന്ന പൊതുയോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്തു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഗോള്‍ഗദ്ദാ പ്രദേശത്തുനിന്നാണ് രാഹുലിന്റെ റോഡ്‌ഷോ തുടങ്ങിയത്. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ മെയ് അഞ്ചിന് നരേന്ദ്രമോദി റോഡ്‌ഷോ നടത്തിയിരുന്നു. ഇതിന് മറുപടിയാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ.

Advertisement