എഡിറ്റര്‍
എഡിറ്റര്‍
‘രാഹുലിന്റെ ചിന്ത ഐ.സി.യുവിലാണ്’; നോട്ട് നിരോധനത്തെ ജനം അംഗീകരിച്ചത് രാഹുല്‍ ഗാന്ധി കാണുന്നില്ലെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്
എഡിറ്റര്‍
Monday 30th October 2017 11:13pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുല്‍ ഗാന്ധിയുടെ ചിന്ത ഐ.സി.യുവില്‍ ആണെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നോട്ട് നിരോധനത്തെ ജനം അംഗീകരിച്ചത് കാണാന്‍ രാഹുലിന് സാധിക്കുന്നില്ലെന്നും ഗിരിരാജ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്ന രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗിരിരാജ്. ‘സത്യമെന്തെന്നാല്‍ രാഹുലിന്റെ ചിന്തയാണ് ഐ.സി.യുവില്‍. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു യു.പി തെരഞ്ഞെടുപ്പ്. അവിടുത്തെ വിജയം തന്നെ നോട്ട് നിരോധനം ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ്.’ മന്ത്രി പറയുന്നു.

നേരത്തെ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മരുന്നുകള്‍ക്ക് ശക്തിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ഗിരിരാജ് സിംഗിന്റെ പ്രസ്താവന.

അതേസമയം, നോട്ട് നിരോധനം നടപ്പിലാക്കിയ നവംബര്‍ എട്ടിന് ബി.ജെ.പി കള്ളപ്പണ വിരുദ്ധ ദിനമാചരിക്കുമ്പോള്‍ അത് 500,100 നോട്ടുകളുടെ ചരമദിനമായും ആചരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘കണ്ടതും കേട്ടതും ഒന്നുമല്ല, അതുക്കും മേലെയാണ് രാഹുല്‍ എന്ന മനുഷ്യന്‍’; ‘നിര്‍ഭയ’യുടെ സഹോദരനെ പൈലറ്റാക്കാന്‍ ആരുമറിയാതെ സഹായിച്ചത് രാഹുല്‍ ഗാന്ധി; തുറന്ന് പറഞ്ഞ് നിര്‍ഭയയുടെ അമ്മ


നേരത്തെ, നോട്ട് നിരോധനവും ജി.എസ്.ടിയും എല്‍പ്പിച്ച ഇരട്ട ആഘാതത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നവംബര്‍ എട്ടാം തിയ്യതി കേന്ദ്രം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിനെതിരെയും രാഹുല്‍ രംഗത്തെത്തിയിരുന്നു.

നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അത് അംഗീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

‘ നവംബര്‍ എട്ട് ഇന്ത്യയ്ക്ക് ദു:ഖദിനമാണ്. എന്നാല്‍ ബി.ജെ.പി പറയുന്നത് അവര്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്നാണ്. ആഘോഷിക്കാന്‍ മാത്രം എന്താണതിലുള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല.’ രാഹുല്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

Advertisement