'രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്'; തന്റെ ജന്മദിനാഘോഷം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി
national news
'രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്'; തന്റെ ജന്മദിനാഘോഷം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2022, 8:36 am

ന്യൂദല്‍ഹി: തന്റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ 52ാം ജന്മദിനത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അഗ്നിപഥിനെതിരെ യുവാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ പാടില്ലെന്ന് രാഹുല്‍ നിര്‍ദേശിച്ചത്.

രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്. അവര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണം എന്നുമാണ് രാഹുലിന്റെ നിര്‍ദേശത്തിലുള്ളത്. കോണ്‍ഗ്രസിന്റെ മധ്യമവിഭാഗം തലവന്‍ ജയറാം രമേഷാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള പത്രക്കുറിപ്പ് ട്വീറ്റ് ചെയ്തത്.

അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.

രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുഴുവന്‍ എം.പിമാരോടും ഇന്ന് വൈകുന്നേരത്തോടെ ദില്ലിയിലെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൊലീസ് തടഞ്ഞാല്‍ എം.പിമാരുടെ വീടുകളിലോ ജന്തര്‍മന്തറിലോ സമരം നടത്താനാണ് തീരുമാനം.