എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധി ദേശദ്രോഹികളെ പിന്തുണക്കുകയാണ്; വിമര്‍ശനവുമായി സ്മൃതി ഇറാനി
എഡിറ്റര്‍
Wednesday 4th October 2017 2:43pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദല്‍ഹിയിലെ ദേശദ്രോഹികളെ പിന്തുണയ്ക്കുകയാണ് രാഹുലെന്നായിരുന്നു സ്മൃതിയുടെ പ്രസ്താവന. 2016 ഫെബ്രുവരിയില്‍ ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ പിന്തുണയ്ക്കുകയായിരുന്നു രാഹുല്‍ എന്ന് സ്മൃതി ഇറാനി പറഞ്ഞു.

ബി.ജെ.പിയുടെ ഗുജറാത്ത് ഗൗരവ് യാത്രയുടെ ഭാഗമായി ദാഹോദ് ജില്ലയില്‍ ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.

ജെ.എന്‍.യുവില്‍ ചിലര്‍ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കിയപ്പോള്‍ രാഹുല്‍ഗാന്ധി അവിടെ ഓടിയെത്തുകയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് എല്ലാവരും കണ്ടതാണെന്നും സ്മൃതി പറഞ്ഞു.

ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നും ആരും രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കാന്‍ പോകുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ ഗാന്ധിക്കും കുടുംബത്തിനും ഗുജറാത്തിനെ ഓര്‍മ്മകാണൂവെന്നും സ്മൃതി കുറ്റപ്പെടുത്തി.

ബി.ജെ.പി അധികാരത്തിലിരിക്കെ ഗുജറാത്തില്‍ യാതൊരു വിധത്തിലുള്ള വികസനവും ഉണ്ടായിട്ടില്ലെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയും സ്മൃതി രംഗത്തെത്തി.

‘വികസനം എന്നത് കൊണ്ട് എന്താണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്? കഴിഞ്ഞ 50 വര്‍ഷമായി അമേഠി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. യൂറിയ ആവശ്യപ്പെട്ട കര്‍ഷകരെ വെടിവെക്കുകയായിരുന്നു അവര്‍. അവരാണ് കര്‍ഷകരെ കുറിച്ചും വികസനത്തെ കുറിച്ചും ഇപ്പോള്‍ വാചാലാരാകുന്നത് ‘-സ്മൃതി കുറ്റപ്പെടുത്തി.

Advertisement