തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച; ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
2019 loksabha elections
തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച; ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 5:15 pm

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കോളെജ് വിദ്യാര്‍ത്ഥിനികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ രാഹുല്‍ ഗാന്ധിയുടെ പരിപാടി നടത്താന്‍ കോളെജ് അധികൃതര്‍ അനുമതി നല്‍കിയതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം രാഹുല്‍ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പരിശോധിക്കണമെന്നും തമിഴ്‌നാട് ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യഭാരത സഹോ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ 13ാം തിയ്യതിയായിരുന്നു രാഹുല്‍ ഗാന്ധി ചെന്നെയിലെ സ്റ്റെല്ലാ മാരിസ് കോളേജ് വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചത്. വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞിരുന്നു.

Also Read  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രി ആകാം: സൂചനയുമായി മായാവതി

പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളോടൊപ്പം സെല്‍ഫിയെടുക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി പറയാനും തയ്യാറായി. ചോദ്യങ്ങളെ നേരിടാന്‍ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മടിയെന്നായിരുന്നു രാഹുല്‍ ചോദിച്ചത്.

“നിങ്ങളില്‍ എത്രപേര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു? അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് 3000 സ്ത്രീകള്‍ക്കു മുമ്പില്‍ നിന്ന് അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല?” എന്നായിരുന്നു രാഹുല്‍ ചോദിച്ചത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പാര്‍ലമെന്റിലും, നിയമസഭകളിലും കൂടാതെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
DoolNews Video