രാഹുല്‍ വിട്ടു, ഇനിയാര്
ന്യൂസ് ഡെസ്‌ക്

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലകള്‍ ഒഴിയുകയാണ്. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇനിയാര് നയിക്കും എന്നതാണ് ഇനിയുള്ള ചോദ്യം. നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാളെ കണ്ടെത്തണമെന്നാണ് രാഹുല്‍ പാര്‍ട്ടിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും മുതല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഗുലാം നബി ആസാദും വരെ നീളുന്ന പട്ടിക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയ്ക്ക് മുന്നിലുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ് തന്നെയാണ്. പ്രതിപക്ഷ നിരയിലെ മറ്റ് മതേതര-ജനാധിപത്യ കക്ഷികള്‍ക്കും കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതില്‍ വിയോജിപ്പുണ്ടാകാനും സാധ്യതയില്ല.

പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്തുക എന്ന ദൗത്യം നേതൃപരമായി നിര്‍വഹിക്കേണ്ട കടമ കോണ്‍ഗ്രസിനുള്ളതിനാല്‍ തന്നെ ഇനി തെരഞ്ഞെടുക്കാനുള്ള അധ്യക്ഷനാര് എന്ന ചോദ്യം വളരെ പ്രധാനമാണ്.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറിയായിരിക്കുന്ന ഗുലാം നബി ആസാദായിരിക്കും നേതൃസ്ഥാനത്തേക്ക് വരിക. ഇടത് നേതാക്കളടക്കം മറ്റ് കക്ഷികളുമായുള്ള അടുത്ത ബന്ധം പുലര്‍ത്തുന്ന ഗുലാം നബി ആസാദാണ് കര്‍ണാടകയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ജെ.ഡി.എസിന് നിരുപാധിക പിന്തുണ നല്‍കാന്‍ രാഹുലിനെ നിര്‍ദ്ദേശിച്ചതെന്ന് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

രണ്ടാം മോദി സര്‍ക്കാരിനെ പ്രായോഗിക രാഷ്ട്രീയത്തിലൂടെയാണ് നേരിടേണ്ടതെന്ന ബോധ്യം കോണ്‍ഗ്രസിനുണ്ടെങ്കില്‍ ഗുലാം നബി ആസാദായിരിക്കും അധ്യക്ഷസ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെടേണ്ടത്.

എന്നാല്‍ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഗുലാം നബി ആസാദിനെ ലോക്സഭാ പ്രചരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ നയത്തില്‍ നിന്ന് ഈ പാര്‍ട്ടി ഇനിയും മുന്നോട്ടുപോയിട്ടില്ലെങ്കില്‍ ഈ പേര് സാധ്യതപട്ടികയില്‍ പോലും ഉണ്ടാകുകയുമില്ല.

നെഹ്റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ വേണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും സോണിയ-രാഹുല്‍-പ്രിയങ്ക ത്രയത്തിന് കൂടി വിശ്വാസമുള്ളവരിലേക്ക് നോക്കിയാല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കാണ് സാധ്യത കൂടുതല്‍.

ലോക്സഭാ കക്ഷി നേതാവായിരുന്നപ്പോഴത്തെ പ്രകടനം മികച്ചതാണെന്നതും നല്ല പ്രാസംഗികനാണെന്നതും ഖാര്‍ഗെയ്ക്കുള്ള പ്ലസ് പോയന്റാണ്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയും നെഹ്‌റു കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. രാഹുലിന്റെ രാജിക്കത്ത് പുറത്തുവന്നതിന് ശേഷം ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരും ഷിന്‍ഡെയുടേത് തന്നെ.

ഹൈക്കമാന്‍ഡ് എന്ന് വിളിക്കുന്ന എഐസിസി ആസ്ഥാനത്ത് യുവ നേതാക്കളുടെ പുതിയ നിരയെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതു കൂടുതല്‍ ഊര്‍ജം പകരുമെന്നുറപ്പ്.

അത്തരമൊരു സാധ്യത പരിശോധിക്കുമ്പോള്‍ സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയുമാണ് പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ എന്ന പ്ലസ് പോയന്റും ഇരുവര്‍ക്കുമുണ്ട്.

അടുത്ത പ്രവര്‍ത്തകസമിതി ചേരുന്നതിനു മുന്‍പുതന്നെ പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തേക്കും. ഈവര്‍ഷം അവസാനം രാജ്യത്തെ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃത്വത്തിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്.