വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍
national news
വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 3:14 pm

 

ന്യൂദല്‍ഹി: വയനാട്ടില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രകടന പത്രികയെക്കുറിച്ച് വിശദീകരിച്ചശേഷം ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ മടങ്ങുകയാണുണ്ടായത്.

പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇതുസംബന്ധിച്ച് രാഹുലിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം തീരുമാനമെടുത്തിട്ടില്ലെന്ന് മറുപടി നല്‍കിയത്.

Also read:മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് പ്രകടന പത്രിക: ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് മാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധി

അമേഠിയ്ക്കു പുറമേ വയനാട് ലോക്‌സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് വയനാട്ടില്‍ മത്സരിക്കാനിരുന്ന ടി. സിദ്ദിഖും അറിയിച്ചിരുന്നു. ഇതോടെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്.

അതിനിടെ, രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലുള്ള നേതാക്കള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ രണ്ടാം സീറ്റ് സംബന്ധിച്ച തീരുമാനം നീണ്ടുപോകുന്നത്.