ഇത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ്, ഹൃദയത്തിലെ വിദ്വേഷം ബി.ജെ.പി ബുള്‍ഡോസ് ചെയ്യണം: രാഹുല്‍ ഗാന്ധി
national news
ഇത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ്, ഹൃദയത്തിലെ വിദ്വേഷം ബി.ജെ.പി ബുള്‍ഡോസ് ചെയ്യണം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 6:32 pm

ന്യൂദല്‍ഹി: ജഹാംഗീറില്‍ നടന്ന കെട്ടിടം പൊളിക്കലില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.

‘ഇത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ്. ഇത് ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. പകരം അവരുടെ ഹൃദയത്തിലെ വിദ്വേഷം ബി.ജെ.പി ബുള്‍ഡോസ് ചെയ്യണം,’ ട്വീറ്റില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്യണമെന്നും വൈദ്യുത നിലയങ്ങള്‍ ഓണാക്കാനും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും മധ്യപ്രദേശിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം താഴ്ന്ന നിലയിലായതിനാല്‍ വൈദ്യുതി വിതരണത്തില്‍ തകരാര്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘എട്ട് വര്‍ഷത്തെ വലിയ ചര്‍ച്ചയുടെ ഫലമായി രാജ്യത്ത് എട്ട് ദിവസത്തെ കല്‍ക്കരി സ്റ്റോക്ക് മാത്രമേയുള്ളൂ.

മോദിജി, വിലക്കയറ്റം ഉയര്‍ന്നുവരികയാണ്. പവര്‍ കട്ട് ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും, ഇത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കും. വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് പവര്‍ പ്ലാന്റുകള്‍ ഓണാക്കുക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കെട്ടിടം പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവുമായി സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്തെത്തിയിരുന്നു. കോടതി വിധി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബൃന്ദ ബുള്‍ഡോസറുകളെ തടഞ്ഞു.

പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്, ആ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത് ബൃന്ദ കാരാട്ട് പറഞ്ഞു.

നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും നിരപ്പാക്കിയിരിക്കുകയാണെന്നും സുപ്രീം കോടതിയും അതിന്റെ ഉത്തരവും നിരപ്പാക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ബൃന്ദ പറഞ്ഞു.

അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയത്. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.

Content Highlights: Rahul Gandhi says about BJP  Government