രാഹുലിപ്പോള്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്, കോണ്‍ഗ്രസ് സംസ്‌കാരം ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാത്തതാണ് അതിന് കാരണം: ഹിമന്ത ബിശ്വ ശര്‍മ
national news
രാഹുലിപ്പോള്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്, കോണ്‍ഗ്രസ് സംസ്‌കാരം ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാത്തതാണ് അതിന് കാരണം: ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 7:48 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനിപ്പോള്‍ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെപ്പോലെയുണ്ടെന്ന് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ സര്‍ദാര്‍ പട്ടേലിനെ പോലെയോ, നെഹ്‌റുവിനെപ്പോലെയോ, മഹാത്മാ ഗാന്ധിയെപ്പോലെയോ മാറിയിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ജോഡോ യാത്രയുടെ ഭാഗമായി പര്യടനം നടത്തില്ലെന്ന് രാഹുല്‍ തീരുമാനിച്ചിരുന്നുവെന്നും, തെരഞ്ഞടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലുടെ യാത്ര നടത്തുന്നത് തോല്‍വി പേടിച്ചാണെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.

ഡിസംബര്‍ ഒന്നിനും, അഞ്ചിനും രണ്ട് ഘട്ടമായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അഹമ്മദാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഹുലിന്റെ രൂപം മാറിയതായി ഞാന്‍ കണ്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടി.വി അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പുതിയ കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ മാറ്റം സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയോ, ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയോ, മഹാത്മാ ഗാന്ധിയെപ്പോലെയോ ആയാല്‍ നല്ലതായിരുന്നു.

പക്ഷേ, അയാളുടെ മുഖമിപ്പോള്‍ സദ്ദാം ഹുസൈനെപ്പോലെയാണ് മാറിയത്. കാരണം കോണ്‍ഗ്രസ് സംസ്‌കാരം ഇന്ത്യന്‍ ജനതയോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല, അവരെപ്പോഴും ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മനസിലാക്കാനാവാത്ത ആളുകളോടാണ് അടുക്കുന്നത്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ പര്യടനത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ യാത്രയില്‍ പങ്കുചേര്‍ന്നതിനെയും ഹിമന്ത ബിശ്വ ശര്‍മ വിമര്‍ശിച്ചു.

അതേസമയം, ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.

‘ഞാനദ്ദേഹത്തിന്റെ അധിക്ഷേപ പരാമര്‍ശങ്ങളെ തള്ളിക്കളയുകയാണ്. പൊതു സ്ഥലത്ത് സംസാരിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തേണ്ടതുണ്ട്. അസം മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിലകുറഞ്ഞ പരിഹാസമായാണ് ഞാന്‍ കാണുന്നത്,’ മനീഷ് തിവാരി പറഞ്ഞു.

Content Highlight: Rahul Gandhi’s Face Turning Into Saddam Hussein Said Himanta Biswa Sarma