റഫാല്‍ വിധി; കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ്
India
റഫാല്‍ വിധി; കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 2:03 pm

ന്യൂദല്‍ഹി: റഫാല്‍ കരാറിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധിയെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാറിന് പ്രതികൂലമായ വിധി വന്നതിന് പിന്നാലെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി സമ്മതിച്ചു എന്ന രാഹുലിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ച് ബി.ജെ.പി എം.പി മീനാക്ഷി ലേഖി നല്‍കിയ പരാതിയിലാണ് നടപടി.

റാഫേലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ദ ഹിന്ദു പ്രസിദ്ധീകരിച്ച രേഖകള്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക രേഖകള്‍ കൂടി പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുല്‍ പറഞ്ഞത്. സംഭവത്തില്‍ തിങ്കളാഴ്ചയ്ക്കു മുന്‍പ് രാഹുല്‍ മറുപടി നല്‍കണം. ഹര്‍ജി ഇനി 22ന് പരിഗണിക്കും.

‘രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനില്‍ അംബാനിക്കു നല്‍കിയെന്ന് താന്‍ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോള്‍ അക്കാര്യം സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ (ചൗക്കിദാര്‍) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു’- എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പരാതിക്കാര്‍ക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള അപൂര്‍ണമായ ചിത്രം നല്‍കാനാണ് ഹരജിക്കാര്‍ ശ്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു.

റഫാലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സി.എ.ജി ആവശ്യപ്പെട്ട രേഖകളും ഫയലുകളും നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

ബി.ജെ.പി. മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റഫാല്‍ വിഷയത്തില്‍ കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്.