'നീരവ് മോദിയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത് നിഷേധിക്കാമോ?': രാഹുലിനെതിരെ ഗുരുതര ആരോപണവുമായി പൂനാവാല്ല
national news
'നീരവ് മോദിയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത് നിഷേധിക്കാമോ?': രാഹുലിനെതിരെ ഗുരുതര ആരോപണവുമായി പൂനാവാല്ല
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 8:19 am

ന്യൂദല്‍ഹി: രാജ്യം വിടാന്‍ വിജയ് മല്യയെ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഹായിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ഷെഹസാദ് പൂനാവാല്ല. ദല്‍ഹിയിലെ ഹോട്ടലില്‍ വച്ച് 2013ല്‍ രാഹുല്‍ നീരവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് ആരോപണം.

വിഷയത്തില്‍ രാഹുല്‍ ജയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പൂനാവാല്ലയുടെ ആരോപണം. നീരവുമായി കൂടിക്കാഴ്ച നടത്തിയ കാര്യം നിഷേധിക്കാനാകുമോയെന്നും പൂനാവാല്ല ചോദിക്കുന്നുണ്ട്.

“അരുണ്‍ ജയ്റ്റ്‌ലി വിജയ് മല്യയെ കണ്ടു സംസാരിച്ചതിന് പി.എല്‍ പൂനിയയാണ് തെളിവു നല്‍കുന്നതെങ്കില്‍, ഞാന്‍ ഖുര്‍ആന്‍ സാക്ഷിയായി സത്യം ചെയ്യാം, രാഹുല്‍ ഗാന്ധി 2013ല്‍ ദല്‍ഹിയിലെ ഇംപീരിയല്‍ ഹോട്ടലില്‍ വച്ച് നീരവ് മോദിയുടെ കോക്ടെയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് അനധികൃത ലോണുകള്‍ അനുവദിച്ചിരുന്നതുമാണ്. നുണ പരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്.” പൂനാവാല്ലയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

 

Also Read: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

 

ഇക്കാര്യം നിഷേധിക്കാനാകുമോയെന്ന് പൂനാവാല്ല രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുന്നുമുണ്ട്. വിജയ് മല്യയുമായി രാഹുല്‍ “മഹാഗത്ബന്ധന്‍” രൂപീകരിച്ചതിനും ഇത്തരക്കാരുടെ വാക്കുകള്‍ക്കു ചെവികൊടുക്കുന്നതിനും പിന്നില്‍ കാരണങ്ങളുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.

വിജയ് മല്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ വാദപ്രതിവാദങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. ജയ്റ്റ്‌ലിയുടെ രാജി രാഹുല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, ഗാന്ധി കുടുംബത്തിന് കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ പങ്കാളിത്തമുണ്ടായിരുന്നെന്ന് ബി.ജെ.പിയും ആരോപിച്ചിരുന്നു.