'അനിയത്തിയ്ക്ക് വലിയ ഹെലികോപ്റ്റര്‍ നല്‍കി എങ്ങനെ നല്ല ചേട്ടനാകാം'; കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയ പ്രിയങ്കയെ കളിയാക്കി രാഹുല്‍; വീഡിയോ
D' Election 2019
'അനിയത്തിയ്ക്ക് വലിയ ഹെലികോപ്റ്റര്‍ നല്‍കി എങ്ങനെ നല്ല ചേട്ടനാകാം'; കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയ പ്രിയങ്കയെ കളിയാക്കി രാഹുല്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 3:20 pm

കാണ്‍പൂര്‍: വ്യത്യസ്ത തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി യാത്ര തിരിക്കവേ കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും.

പ്രിയങ്കയുമൊത്തുള്ള കൂടിക്കാഴ്ച രാഹുല്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടിക്കാഴ്ചയില്‍ പ്രിയങ്കയെ ഏറെ രസകരമായി കളിയാക്കുകയും ചെയ്യുന്നുണ്ട് രാഹുല്‍.

പ്രിയങ്കയെ കണ്ടതോടെ രാഹുല്‍ അവര്‍ക്കരികിലേക്ക് എത്തി ചേര്‍ത്തുപിടിച്ചു. ഒരു നല്ല സഹോദരന്‍ എങ്ങനെയാണെന്ന് പറയാം എന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിലേക്ക് പ്രിയങ്കയേയും കൊണ്ടുവന്ന ശേഷമായിരുന്നു രാഹുലിന്റെ കളിയാക്കല്‍.

ക്യാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് തന്നെ കളിയാക്കുന്നത് തടയാന്‍ പ്രിയങ്ക നോക്കിയെങ്കിലും ഒരു സെക്കന്റ് എന്ന് പറഞ്ഞ് രാഹുല്‍ സംസാരം തുടങ്ങുകയായിരുന്നു.

”എനിക്ക് ദീര്‍ഘമായ യാത്രയുണ്ട് എന്നിട്ടും വളരെ ചെറിയ ഹെലികോപ്റ്ററിലാണ് ഞാന്‍ പോകുന്നത്. എന്നാല്‍ എന്റെ സഹോദരിയ്ക്ക് വളരെ കുറഞ്ഞ യാത്രയേ ഉള്ളൂ, എന്നിട്ടും അവരെ വലിയ ഹെലികോപ്റ്ററില്‍ പറഞ്ഞയക്കുകയാണ്. എന്തൊരു സ്‌നേഹമാണെന്ന് നോക്കൂ” എന്ന് രാഹുല്‍ ചിരിച്ചുകൊണ്ടു പറയുന്നതും ചിരിയടക്കാനാവാതെ രാഹുലിനെ നോക്കിനില്‍ക്കുന്ന പ്രിയങ്കയേയുമാണ് വീഡിയോയില്‍ കാണുന്നത്.

ഇതിന് ശേഷം എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോ കൂടി എടുത്ത ശേഷമാണ് ഇരുവരും യാത്ര തിരിക്കുന്നത്. പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് സ്‌നേഹം പങ്കവെച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. ദൂരയായി നിര്‍ത്തിയിരിക്കുന്ന വിമാനത്തിനടുത്തേക്ക് പ്രിയങ്കയും നടന്നുനീങ്ങി.

യു.പിയിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രിയങ്കയും രാഹുലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്തുന്നുണ്ട്.