ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
സംവിധായകന്‍ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 3:39pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. രഞ്ജിതുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് രാഹുല്‍ ഗാന്ധി തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്.

” മദ്രാസ്, കബാലി, കാലാ തുടങ്ങിയ ബ്ലോക്‌ബെസ്റ്റര്‍ സിനിമകളുടെ സംവിധായകനായ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. അദ്ദേഹവുമൊത്തുള്ള സമയം ഏറെ ആസ്വദിച്ചു. ഇനിയും ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു”- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

നീലയും വെള്ളയും നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചുകൊണ്ട് രഞ്ജിത്തിന് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രമാണ് രാഹുല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ജാതിവിവേചനത്തിനെതിരെ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് പാ രഞ്ജിത്ത്. സമൂഹത്തില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളേയും അധിക്ഷേപങ്ങളേയും തന്റെ സിനിമയിലൂടെ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

ചെറിയ വയസ്സില്‍ തന്നെ ജാതി വിവേചനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ജാതി ഇല്ലെന്ന് പറയുന്നവര്‍ക്ക് ജാതിയെ കുറിച്ച് അറിയില്ലെന്നും ജാതി അനുഭവിച്ചുകൊണ്ട് അതിക്രമങ്ങള്‍ ഏറ്റുവാങ്ങി ചോദ്യങ്ങള്‍ ചോദിക്കാതെ ജീവിച്ചാല്‍ മതിയെന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞിരുന്നു.

Advertisement