ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
D' Election 2019
കര്‍ഷകര്‍ നരകിക്കുമ്പോള്‍ മോദി അവരെ നോക്കി പരിഹസിക്കുന്നു; രാഹുലിന്റെ കോഴിക്കോട്ടെ പ്രസംഗത്തിന്റെ പ്രസക്തഭാഗം
ന്യൂസ് ഡെസ്‌ക്
7 days ago
Friday 15th March 2019 12:10am

കഴിഞ്ഞ് അഞ്ച് വര്‍ഷം നാം കണ്ടത് ഒരാളുടെ മനസിന്റെ ഭരണമാണ്. ഒരൊറ്റവ്യക്തിയുടെ അഭിപ്രായമാണ്. സ്വന്തം മനസിലുള്ളത് മാത്രമാണ് മോദി മന്‍ കീ ബാത്തിലുടെ വ്യക്തമാക്കുന്നത്. സ്വന്തം മന്‍ കീ ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം. സ്വന്തം മനസില്ലുള്ളത് മന്‍ കീ ബാത്തിലൂടെ പറയലല്ല ഒരു പ്രധാനമന്ത്രിയുടെ ചുമതല. ജനങ്ങളുടെ മനസില്‍ എന്താണോ അത് ഗ്രഹിച്ചു മനസിലാക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ഒരു പ്രധാനമന്ത്രിയുടെ ചുമതല. രാജ്യത്തെ ഏറ്റവും ദുര്‍ബലരായ മനുഷ്യരുടെ അവസ്ഥയെ മനസിലാക്കുന്ന വ്യക്തിത്വമാണ് ഒരു പ്രധാനമന്ത്രിക്കുണ്ടായിരിക്കേണ്ടത്.

ഈ രാജ്യത്തെ ബില്ല്യണ്‍ കണക്കിനുള്ള ജനങ്ങളോടുള്ള കര്‍ത്തവ്യം മറന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. മില്ല്യണ്‍ കണക്കിന് വരുന്ന ജനങ്ങളുടെ ഭാവിയാണ് അദ്ദേഹം തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഒരു തീരുമാനമെടുക്കുമ്പോള്‍ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോടു പോലും കൂടിയാലോചന നടത്തുന്നില്ല. 70 വര്‍ഷം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിച്ച ആര്‍.ബി.ഐയോടും അദ്ദേഹം ഒന്നും ചോദിക്കുന്നില്ല. രാജ്യത്തെ ഓരോ സ്ഥാപനത്തേയും അദ്ദേഹം തകര്‍ത്തിരിക്കുന്നു. സ്ഥാപനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ്. നമ്മുടെ ജനങ്ങളുടെ സ്വരമാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സുപ്രീം കോടതി. എന്തിനാണീ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജനങ്ങള്‍ക്ക് മേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കുന്ന പ്രധാനമന്ത്രി ഈ സ്ഥാപനങ്ങളെ തകര്‍ത്ത് കഴിഞ്ഞിരിക്കുന്നു.

 

45 വര്‍ഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ നാടായി ഇത്  മാറി. എന്ത് ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ഒന്നിന് പിറകെ ഒന്നായി ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ ചോദിക്കുന്നത് വായ്പ്പയാണ്. എന്നാല്‍ നരേന്ദ്രമോദിയും അരുണ്‍ ജെയ്റ്റ്‌ലിയും അവരെ നോക്കി പരിഹസിക്കുന്നു.

50 സമ്പന്നരുടെ മൂന്ന് ലക്ഷം കോടി രൂപയുടെ കടമാണ് പ്രധാനമന്ത്രി എഴുതിതള്ളിയത്. അദ്ദേഹം നീരവ് മോദിയെ നീരവ് ഭായ് എന്നാണ് വിളിക്കുന്നത്. മെഹൂള്‍ ചോസ്‌കിയെ മെഹുള്‍ ഭായ് എന്നാണ് വിളിക്കുന്നത്. അനില്‍ അംബാനിയെ അനില്‍ ഭായ് എന്നാണ് വിളിക്കുന്നത്. വിജയ് മല്യ വിജയ് ഭായ് എന്നാണ് വിളിക്കുന്നത്. ഇവരൊക്കെ മോദിയുടെ കൂടപ്പിറപ്പുകളാണ്. പക്ഷെ ഈ നാട്ടിലെ കര്‍ഷകരെ സഹോദരന്‍ എന്ന് വിളിക്കുന്നില്ല. ചെറുകിട കച്ചവടക്കാരെ വ്യാപാരികളെ ചെറുപ്പക്കാരെ ഭായ് എന്ന് വിളിക്കുന്നില്ല. നരേന്ദ്രമോദിയുടെ സുഹൃത്തുക്കള്‍ക്ക് മുപ്പതിനായിരം കോടി രൂപ ബാങ്ക് നിക്ഷേപം വേണം. നീരവ് മോദി നരേന്ദ്രമോദി എന്ന് ഇന്റര്‍നെറ്റില്‍ അടിച്ചു കൊടുത്താല്‍ നിങ്ങള്‍ക്ക് ഈ വസ്തുത മനസിലാകും. ഈ കോടിശ്വരന്മാരാണ് മോദിയുടെ പ്രതിഛായ നിര്‍മ്മിക്കാന്‍ വേണ്ടി പണിയെടുക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യം ദുഃഖിച്ചപ്പോള്‍ മോദി ക്യാമറയ്ക്ക് മുമ്പിലായിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോള്‍ മോദി മുഖത്ത് ചായം തേച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നു. ഭീകരാക്രമണ വാര്‍ത്ത പുറത്തുവന്നിട്ടും ചിത്രീകരണം നിര്‍ത്തിവയ്ക്കാനുള്ള ഔചിത്യം പ്രധാനമന്ത്രി കാട്ടിയില്ല.

രാജ്യത്തെ ശതകോടീശ്വരന്‍മാരായ പത്തോ പതിനഞ്ചോ പണക്കാരുടേയും ജീവിതം വഴിമുട്ടിയ ദരിദ്രരുടേയും രണ്ട് ഇന്ത്യകള്‍ ഉണ്ടാക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നവഭാരത ദര്‍ശനം.

എന്നാല്‍ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന കര്‍ത്തവ്യം. ദുര്‍ബലമായ ശബ്ദത്തെ ശ്രവിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ദുര്‍ബലമായ മനുഷ്യനെ ശ്രവിക്കുന്നതി വഴി രാജ്യത്തെ മനസിലാക്കാന്‍ കഴിയും. രാജ്യത്തിന് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.

രാജ്യത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് 33% സംവരണം പാര്‍ലമെന്റില്‍ ഉറപ്പിക്കും. ഇത് നടപ്പാക്കാനാവുന്നത് മാത്രം പറയുന്ന ഞാന്‍ നല്‍കുന്ന വാക്കാണ്. രാജ്യത്തെ ദേശീയ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം ജോലി സംവരണവും ഉറപ്പാക്കും. സംരഭകര്‍ക്കായി ബാങ്കുകളുടെ കവാടങ്ങള്‍ തുറന്നിട്ടു കൊടുക്കും.

നിലവിലെ ജി.എസ്.ടി സംവിധാനത്തെ അപ്പാടെ പൊളിച്ച് മാറ്റി ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ട് വരും. അത് സാധാരണ ജനങ്ങളുടെ നികുതി സമ്പ്രദായമായിരിക്കും. രാജ്യത്തെ മധ്യവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നവും രൂക്ഷമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും ആവശ്യമായ സൗകര്യവും ഒരുക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇക്കാര്യങ്ങളൊന്നും നരേന്ദ്ര മോദിക്ക് മനസ്സിലാവില്ല. കാരണം അദ്ദേഹം സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത്തരക്കാരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സുരക്ഷയ്ക്കുമായി പ്രത്യകം തുക മാറ്റിവെക്കും.

ഞാന്‍ അല്‍പ്പം സി.പി.ഐ.എമ്മിനെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.

രണ്ട് ചെറുപ്പക്കാരെയാണ് സി.പി.ഐ.എം കാസര്‍ഗോഡ് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.ഐ.എം കരുതേണ്ട. ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴില്‍ സൃഷ്ടിക്കുന്നതിന് മറ്റോ സി.പി.ഐ.എമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരും.

Advertisement