എഡിറ്റര്‍
എഡിറ്റര്‍
‘എക്‌സിറ്റ് പോളേ…അതിലൊന്നും കാര്യമില്ല ഹേ..’: യു.പിയില്‍ വിജയിക്കുക തന്നെ ചെയ്യും; നാളെ കാണാമെന്നും രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Friday 10th March 2017 3:26pm

ന്യൂദല്‍ഹി: യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലൊന്നും കാര്യമില്ലെന്നും യു.പിയില്‍ കോണ്‍ഗ്രസ് വിജയിക്കുക തന്ന ചെയ്യുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ല. നാളെ എല്ലാകാര്യങ്ങളും അറിയമല്ലോയെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരത്തിലുള്ള എക്‌സിറ്റ് പോള്‍ സര്‍വേകള്‍ നമ്മള്‍ കണ്ടതാണ്. അതുതന്നെയാണ് ഇവിടേയും സംഭവിക്കാന്‍ പോകുന്നതെന്നും രാഹുല്‍ പറയുന്നു.

2015 ലെ ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മിക്ക എക്‌സിറ്റ് പോളുകളും ബി.ജെ.പി വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. ഇത്തവണ എസ്.പിയുമായി സഖ്യം ചേര്‍ന്ന് യു.പിയില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുയാണ് കോണ്‍ഗ്രസ്.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പി മുന്നിലെത്താന്‍ സാധ്യതയെന്നാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഉത്തര്‍ പ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആയിരിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു.

ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പുരിലും ബി.ജെ.പി ഭരണത്തിലെത്തുമെന്നാണ് മിക്ക ഫലങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയാണ് ഭരണത്തില്‍.


Dont Miss എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല: പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ 


ഉത്തരാഖണ്ഡും മണിപ്പുരും കോണ്‍ഗ്രസ് ഭരണത്തിലാണ്. ഗോവയില്‍ ബി.ജെ.പിയും പഞ്ചാബില്‍ അകാലിദള്‍ ബി.ജെ.പി സഖ്യവുമാണ് ഭരിക്കുന്നത്. ഗോവയൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഭരണമാറ്റമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ബി.ജെ.പിയെ അകറ്റി നിര്‍ത്താനായി വേണ്ടിവന്നാല്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് (ബിഎസ്പി) പിന്തുണ നല്‍കുമെന്ന് വരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍ തങ്ങള്‍ക്ക് മന്ത്രിസഭയുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ബി.എസ്.പി പിന്തുണ വാഗ്ദാനം തള്ളി. ബി.ജെ.പിയിതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു കഴിഞ്ഞു.

 

Advertisement