അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.ഐ.എം കരുതേണ്ട; രാഹുല്‍ ഗാന്ധി
kERALA NEWS
അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.ഐ.എം കരുതേണ്ട; രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 7:26 pm

കോഴിക്കോട്: സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ചെറുപ്പക്കാരെയാണ് സി.പി.ഐ.എം കാസര്‍ഗോഡ് കൊലപ്പെടുത്തിയതെന്നും അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.ഐ.എം കരുതേണ്ടെന്നും കോഴിക്കോട് നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴില്‍ സൃഷ്ടിക്കുന്നതിന് മറ്റോ സി.പി.ഐ.എമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.

Read Also : മോദിയുടെ ആ 15 ലക്ഷം കിട്ടിയോ; ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവിനെ വായടപ്പിച്ച പഴയ ടോം വടക്കന്‍: ട്രോളി സോഷ്യല്‍ മീഡിയ

പ്രസംഗത്തില്‍ മോദിക്കെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തി. തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേള്‍ക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Read Also : കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍; മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍

കഴിഞ്ഞ അഞ്ചു വര്‍ഷം കേട്ടത് ഒരാളുടെ ശബ്ദമാണ്. മന്ത്രിമാരോടോ സ്ഥാനപങ്ങളോടോ ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോദി പിടിച്ചടക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പുല്‍വാമ ആക്രമത്തില്‍ വീരമൃത്യുവരിച്ച ജവാമാര്‍ക്കായി നമ്മള്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ മോദി സിനിമയ്ക്കായി മേക്കപ്പിട്ട് നില്‍ക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്റെ സുഹൃത്തുക്കള്‍ക്കായി ഒരിന്ത്യയും തൊഴില്‍രഹിതരായിട്ടുള്ള യുവാക്കള്‍ക്കും ദുഃഖിതരായ കര്‍ഷകര്‍ക്കും വേണ്ടിയുള്ള മറ്റൊരിന്ത്യയും. ഇതാണ് രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പമെന്നും രാഹുല്‍ പറഞ്ഞു.