എഡിറ്റര്‍
എഡിറ്റര്‍
അര്‍ത്തുങ്കല്‍ പള്ളി: ടി.ജി മോഹന്‍ദാസിന്റേത് വര്‍ഗീയസംഘര്‍ഷത്തിലൂടെ ഹിന്ദു ഐക്യം ഉണ്ടാക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഈശ്വര്‍
എഡിറ്റര്‍
Friday 25th August 2017 8:02am

ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിച്ച് ഹിന്ദു ഐക്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയാണ്. ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മറിച്ചുള്ള പരാമര്‍ശങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കലാണ്. ക്രിസ്ത്യാനികളോടുള്ള ദേഷ്യം മനസ്സില്‍വെച്ച് കള്ള പ്രചരണം നടത്തുകയാണ് ചിലരെന്നും രാഹുല്‍ ആരോപിച്ചു.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്ന മോഹന്‍ദാസിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തികച്ചും തെറ്റായ പ്രചരണങ്ങളാണ് ഇതെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹവും കുറ്റകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

വാവരു പള്ളിയിലെയും അര്‍ത്തുങ്കല്‍ പള്ളിയിലെയുമടക്കം വ്യക്തികളെ ആദരിക്കുന്ന സംസ്‌കാരമാണ് ബി.ജെ.പി പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ സ്വീകരിച്ചിട്ടുള്ളതെന്നും താന്‍കൂടി പങ്കെടുത്ത ഒരു ചടങ്ങില്‍ അത് നേരിട്ടുബോധ്യമായിട്ടുള്ളതാണെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കിമാറ്റിയതാണെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയും മാലയൂരുകയും ചെയ്യുന്ന വെളുത്തച്ചന്‍ പള്ളിയുടെ പഴയ ശ്രീകോവിലാണെന്നായിരുന്നു മോഹന്‍ദാസിന്റെ ‘കണ്ടെത്തല്‍’.

Advertisement