എന്റെ ഹൃദയം ഇടതുവശത്ത്;  ഇടതുപക്ഷക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു: മെര്‍സലിനെതിരെ രംഗത്തെത്തിയ രാഹുല്‍ ഇൗശ്വറിന്റെ വായടപ്പിച്ച് ജി.എസ് പ്രദീപ്
Kerala
എന്റെ ഹൃദയം ഇടതുവശത്ത്; ഇടതുപക്ഷക്കാരനാണെന്നതില്‍ അഭിമാനിക്കുന്നു: മെര്‍സലിനെതിരെ രംഗത്തെത്തിയ രാഹുല്‍ ഇൗശ്വറിന്റെ വായടപ്പിച്ച് ജി.എസ് പ്രദീപ്
ന്യൂസ് ഡെസ്‌ക്
Sunday, 22nd October 2017, 12:56 pm

തിരുവനന്തപുരം: വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ സംഘപരിവാറിന്റെ അഞ്ച് നീക്കങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഈശ്വറിന് മറുപടിയുമായി ജി.എസ് പ്രദീപ്. കൈരളി പീപ്പിളിന്റെ ചര്‍ച്ചയില്‍ ചിത്രത്തിനെതിരായ പ്രതിഷേധങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള രാഹുല്‍ ഈശ്വറിന്റെ വാദങ്ങളെ പൊളിച്ചടുക്കിയായിരുന്നു ജി.എസ് പ്രദീപ് സംഘപരിവാര്‍ നീക്കങ്ങളെ വിമര്‍ശിച്ചത്.

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ട് മാത്രമാണ് മെര്‍സല്‍ എന്ന ചിത്രം കണ്ടതെന്നും ഈ സിനിമ കണ്ടപ്പോള്‍ ഒരു ശരാശരി ഭാരതീയനായതുകൊണ്ട് തിയേറ്ററില്‍ കയ്യടിച്ച അഞ്ചാറ് നിമിഷങ്ങള്‍ തന്റെ ജീവിതത്തിലുമുണ്ടായെന്നും ജി.എസ് പ്രദീപ് പറയുന്നു.

ഒരുമണി അരിക്ക് വകയില്ലാതെ സ്വന്തം അയല്‍ക്കാരന്റെ ഹൃദയം കുത്തിനോക്കി തപ്പിനോക്കുവാന്‍ നിര്‍ബന്ധിതനായ വര്‍ത്തമാനകാല ഇന്ത്യാക്കാരന്റെ കണ്ണീരും വിയര്‍പ്പും നിറഞ്ഞ കറന്‍സി കടലാസുകള്‍ ഒരു രാതികൊണ്ട് ഇല്ലാതാക്കുകയും വരിനില്‍ക്കുവാന്‍ ഇന്ത്യക്കാരനെ പ്രേരിപ്പിക്കുകയുംചെയ്ത സാമ്പത്തിക നയത്തിന്റെ ഭാഗമായി, “”ഞങ്ങളുടെ കയ്യില്‍ കാശില്ല, ഞങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യക്കാരാണ്”” എന്ന് വടിവേലു പറയുന്ന നിമിഷം 100 കോടി വരുന്ന ഇന്ത്യന്‍ ജനതകയുടെ പ്രതീകമാണെന്ന് തിരിച്ചറിയുമ്പോള്‍ കയ്യടിച്ചുപോകുമെന്നും ജി.എസ് പ്രദീപ് പറയുന്നു.

കലാരൂപത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യപരമായുണ്ടാകുന്ന അഭിപ്രായ ഭിന്നതകള്‍ നമ്മുടെ ബഹുസ്വരതയുടെ ഭാഗമാണെന്നുള്ള രാഹുലിന്റെ വാദത്തെ കൃത്യമായി നിരീക്ഷണങ്ങളിലൂടെ ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട് ജി.എസ് പ്രദീപ്.


Dont Miss കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും


കല കലയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നത് ചരിത്രമുണ്ടായ കാലം മുതലുള്ള ഫാസിസ്റ്റ് നിര്‍വചനമാണെന്നും ചാര്‍ളി ചാപ്ലിനോട് അഡോഫ് ഹിറ്റ്‌ലര്‍ കാണിച്ച നിഷേധാത്മക നിലപാട് മുതല്‍ കല കലയ്ക്ക് വേണ്ടിയാണെന്ന സമീപനം ഉയര്‍ത്തുന്നത് ഫാസിറ്റ് സമീപനമാണെന്നുമായിരുന്നു പ്രദീപിന്റെ വാക്കുകള്‍.

“”അടിയന്തരാവസ്ഥക്കാലത്ത് ശബാന ആസ്മി അഭിനയിച്ച കിസാകൂസിക യുടെ പ്രിന്റുകള്‍ നശിപ്പിക്കപ്പെട്ടതോ ഇന്ദു സര്‍ക്കാരിന്റെ കാര്യത്തില്‍ നടന്നതോ ഒന്നും ശരിയാണെന്ന് അംഗീകരിക്കുന്ന ആളല്ല ഞാന്‍. കോണ്‍ഗ്രസ് അടിയന്തരാവസ്ഥകാലത്ത് അതുനടത്തിയതുകൊണ്ട് ഞങ്ങള്‍ ഇതുനടത്തുന്നു എന്ന് പറയുന്നതിന് പിന്നിലുള്ള ലോജിക് മനസിലാകുന്നില്ല. രാഹുലിനെ പോലെ ഞാനൊരു വിജയ് ആരാധകനല്ല. മാത്രമല്ല ഏതെങ്കിലും ഒരു നടന്റെ ഏത് ഗോഷ്ടി കണ്ടുംആരാധന തോന്നിയിട്ടുണ്ടങ്കില്‍ അത് ഇന്ത്യന്‍ സിനിമയില്‍ ജഗതി ശ്രീകുമാറിനോട് മാത്രമാണ്.

സിനിമ ഒരു കലാസൃഷ്ടികാകുന്നത് അത് കലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല. അത് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്. സിനിമ എന്നത് ഒപ്പമുള്ള ഒരു സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തിരിച്ചറിയുന്ന ഒരു കെമിസ്ട്രിയാണ്. “”- ജി.എസ് പറയുന്നു.

ഇടത് രാഷ്ട്രീയക്കാരന്‍ പറയുന്നതുപോലെ ജി.എസ് പ്രദീപ് പറയുകയാണെന്ന തോന്നല്‍ ചിലപ്പോഴുണ്ടാകാമെന്നും ബി.ജെ.പി രാഷ്ട്രീയത്തിനെതിരായി ഒരു ഇടതുപക്ഷമായി ജി.എസ് പ്രദീപ് പറയുന്നു എന്ന് വിലയിരുത്താമോ എന്ന് അവതാരകന്‍ രാഹുല്‍ ഈശ്വറിനോട് ചോദിക്കുമ്പോള്‍
ഇങ്ങനെയാരു സ്‌പേസില്‍ നിന്ന് അങ്ങനെയാരു കാര്യം വരുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

പലപ്പോഴും പലരും സെല്കീടവാണ്. ഇന്ത്യയില്‍ സാത്താനിക് വേഴ്‌സസ് നിരോധിച്ചപ്പോള്‍ ഈ ആവിഷ്‌ക്കാരത്തിന്റെ അപ്പോസ്തലന്‍മാരെ ഒന്നും കണ്ടില്ല. തസ്ലീമ നസ്രീനെ പുറത്താക്കിയപ്പോഴൊന്നും ആര്‍ക്കും കുഴപ്പമില്ല. ഇതൊക്കെ സെലക്ടീവാണ്. എന്നായിരുന്നു രാഹുലിന്റെ മറുപടി.

എന്നാല്‍ താനൊരു ഹൃദയപക്ഷക്കാരനാണെന്നും ഹൃദയം എല്ലാകാലത്തും മനുഷ്യന്റെ ഇടതുപക്ഷത്താണ് എന്നുള്ളതുകൊണ്ട് തന്നെ താനൊരു ഇടതുപക്ഷക്കാരനാണെന്ന് തുറന്നുസമ്മതിക്കുന്നതില്‍ അഭിമാനം തോന്നുന്നു എന്നുമായിരുന്നു പ്രദീപിന്റെ മറുപടി.

“”രാഹുല്‍ പറഞ്ഞകാര്യം ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു. ഫാസിസ്റ്റ് സമീപനങ്ങളെ അനുകൂലമായി സമീപിക്കുന്ന ഈ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളല്ല ഞാന്‍. പക്ഷേ ഈ ഫാസിസ്റ്റ് വാദങ്ങളെ പ്രഘോഷിപ്പിക്കുന്ന എല്ലാവരിലും കാണുന്ന ഒരു കാര്യം അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നുപറയുന്ന ഒരു സ്വഭാവമാണ്. തമിഴ്‌നാട്ടില്‍ വിജയ് അഭിനയിച്ച മെര്‍സല്‍ എന്ന ചിത്രത്തെ അഞ്ച് നീക്കങ്ങളിലൂടെ തടസ്സപ്പെടുത്താന്‍ നടത്തുന്ന അഞ്ച് ശ്രമങ്ങള്‍ പറയുമ്പോഴാണ് സാത്താനിക് വേഴ്‌സസിന്റേയും വിദേശരാജ്യങ്ങളില്‍ പലചിത്രങ്ങളും നിരോധിച്ചതിന്റെ കണക്ക് കൊണ്ട് രാഹുല്‍ വരുന്നത്. ഇത് അപഹാസ്യമാണ്.

സിനിമയുടെ നിരോധനത്തിന് പിന്നില്‍ പഠിക്കേണ്ട രാഷ്ട്രീയമുണ്ട്. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തലക്കെട്ടിനെതിരെ കേസ് വന്നു. മെര്‍സല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം തന്നെ അന്തം വിടുക എന്നതാണ്. അതിനെതിരെ കേസുമായി ചിലര്‍ രംഗത്തെത്തി. ദീപാവലിക്ക് റിലീസ് ചെയ്യാനാരുന്ന സിനിമയ്ക്ക് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്ക് വേണമെന്ന് സെന്‍സെര്‍ ബോര്‍ഡ് പറഞ്ഞു.

ഒരു കാര്യവുമില്ലാതെ ബാംഗലൂരിലെ തിയേറ്ററില്‍ ആന്റി വിജയ് എന്ന പേരില്‍ പ്രക്ഷോഭം ഉണ്ടായി. തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രസിഡന്റ് ആധുനിക വൈദ്യശാസ്ത്രമേഖളയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍കൂടിയാണ്. സിനിമ മുന്നോട്ട വെക്കുന്ന രാഷ്ട്രീയം നിങ്ങളുടെ തൊഴില്‍ കച്ചവടത്തിന്റേതാണോ നിങ്ങളുടെ തൊഴില്‍ സര്‍വീസിന്റേതാണോ എന്നാണ്.

തമിഴ്‌നാടായതുകൊണ്ടാണ് ഇത് പ്രസക്തമാകുന്നത്. കേരളത്തില്‍ സന്ദേശം ഉള്‍പ്പെടെയുള്ള ചിത്രത്തിനെതിരെ പ്രതിഷേധമുണ്ടായില്ല എന്ന് പറഞ്ഞതുപോലെ കേരളത്തില്‍ നിന്നും വ്യത്യസ്തമായി സിനിമയ്ക്ക് ജനമനസില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ അവസ്ഥ നമുക്ക് അറിയാം. ആ സാഹചര്യത്തില്‍ സ്വാഭാവികമായും ജി.എസ്.ടിക്കും നോട്ട് നിരോധനത്തിനെതിരെയൊരു ചിന്ത ജനമനസില്‍ ആഴത്തിലുണ്ടാക്കാന്‍ ഈ സിനിമയ്ക്ക് കഴിയും എന്നുള്ള ബി.ജെ.പിയുടെ തിരിച്ചറിവാണ് ഇതിന് പിന്നില്‍. തമിഴ്‌നാട് ആയതുകൊണ്ട് തന്നെയാണ് ഈ സിനിമയ്‌ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഭരണകേന്ദ്രങ്ങള്‍ ആക്കംകൂട്ടുന്നത്.

ഇത് ഒരു ജനാധിപത്യത്തിന് എതിരെയുള്ളത്തിന്റെയോ മതത്തിന്റേയോ കാര്യമില്ല. ഇത് തികച്ചും ഏകാധിപത്യപ്രവണകളില്‍ നിന്നുള്ളതാണ്. ഒരു വ്യക്തിയുടെ നടപടികളെ അതിജീവിക്കുവാന്‍ ജനങ്ങളുടെ പിന്തുണയോടെ ഒരു കലാകാരന്റെ പ്രവര്‍ത്തനത്തിലൂടെ വാക്കുകളിലൂടെ കഴിയുന്നു എന്ന സന്ദേശമാണ് ചോദ്യം ചെയ്യുന്നത്.- ജി.എസ് പ്രദീപ് പറയുന്നു.

എന്നാല്‍ ബിജെ.പിയോ മറ്റ് ഏതൊരു പാര്‍ട്ടിയുയെടോ പ്രതിഷേധങ്ങള്‍ വരുന്നത് സ്വാഭാവികമാണ് എന്നൊരു ലിമിറ്റഡ് പോയിന്റ് മാത്രമാണ് താന്‍ ഉന്നയിച്ചതെന്നും ജി.എസ് പ്രദീപ് ലെഫ്റ്റ് ലിബറലില്‍ നില്‍ക്കുന്ന വ്യക്തിയായിരിക്കാമെന്നുമായിരുന്നു രാഹുലിന്റെ ഇതിനോടുള്ള പ്രതികരണം.

ജനുവരിയില്‍ വിശ്വരൂപത്തിലെ 7 സീനുകള്‍ കട്ട് ചെയ്തു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. ഇത്തരത്തില്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമല്ലേ ? അത് ജനാധിപത്യത്തിന്റെ ഭാഗമല്ലേ ? ഒരു ഭാഗം മാത്രം പറയുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ് എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

ഇതിനും ജി.എസ് പ്രദീപ് കണക്കിന് മറുപടി നല്‍കി.” രാഹുലിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ തനിക്ക് തോന്നുന്ന സംശയം ഇതാണ്. ഒരു മാമ്പഴം പുഴുക്കുറ്റത്തേറ്റതാണെന്ന് പറഞ്ഞ് അതിന്റെ കാരണം കണ്ടെത്താനുള്ളചര്‍ച്ച നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ ചക്കയെ കുറിച്ച് പറയുന്ന നിങ്ങളുടെ ഈ പരമ്പരാഗത സ്വഭാവം നല്ലതല്ല. ഒരു തെറ്റിനെ ചര്‍ച്ചയില്‍ മറ്റൊരു തെറ്റിനെ കുറിച്ച് പറയുന്നത് ഏത് രീതിയിലാണ് ന്യായീകരിക്കുക”- എന്നായിരുന്നു ജി.എസിന്റെ ചോദ്യം.

ഇത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചയാണ്. വിശ്വരൂപവും പി.കെയും ഇന്ദുസര്‍ക്കാരും എല്ലാം ഇതിന്റെ ഭാഗമാണ്. വിശ്വരൂപത്തിനെതിരെ നടപടികളില്‍ രാഹുല്‍ പ്രതിഷേധിച്ചു. ലെഫ്റ്റ് റൈറ്റിനെതാരായ നടപടിയെ പ്രതിഷേധിച്ചു. പിന്നെ എന്തുകൊണ്ട് ഈ സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ പ്രതികരിച്ചില്ല. എന്നും ജി.എസ് പ്രദീപ് ചോദിച്ചു.

എന്നാല്‍ താന്‍ രണ്ടിനെതിരെയും പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും രണ്ടും ജനാധിപത്യവൈരുദ്ധ്യത്തിന്റെ ഭാഗമാണെന്നും അതൊരു പൊളിറ്റിക്കല്‍ പൊസിഷനാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

താജ്മഹലിന്റെ ബിംബം വീട്ടില്‍ വെക്കരുത് എന്ന് കരുതുന്ന ഒരാളാണ് എന്നുപറയുന്നതായിരിക്കും കുറച്ചുംകൂടി വ്യക്തമാക്കി പറഞ്ഞാല്‍ നല്ലതെന്ന് എന്നായിരുന്നു രാഹുലിന്റെ നിലപാടിനോടുള്ള ജി.എസിന്റെ കുറിക്കുകൊള്ളുന്ന മറുപടി.