'ബി.ജെ.പി തന്ത്രത്തെ ക്ലീന്‍ ബൗള്‍ഡാക്കി താരങ്ങള്‍'; കര്‍ണാടക ഇലക്ഷനു കുബ്ലെയെയും ദ്രാവിഡിനെയും രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി; തങ്ങളെ നോക്കേണ്ടെന്ന് താരങ്ങള്‍
Karnataka Election
'ബി.ജെ.പി തന്ത്രത്തെ ക്ലീന്‍ ബൗള്‍ഡാക്കി താരങ്ങള്‍'; കര്‍ണാടക ഇലക്ഷനു കുബ്ലെയെയും ദ്രാവിഡിനെയും രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി; തങ്ങളെ നോക്കേണ്ടെന്ന് താരങ്ങള്‍
ന്യൂസ് ഡെസ്‌ക്
Monday, 16th April 2018, 6:38 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയിക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവര്‍ത്തനം. യുവാക്കളെ തെരഞ്ഞെടുപ്പില്‍ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്മാരെ തെരഞ്ഞെടുപ്പ് രംഗത്തിറക്കാനും ബി.ജെ.പി ശ്രമിച്ചെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള മുന്‍ ദേശീയ ക്രിക്കറ്റ് ടീം നായകന്മാരായ അനില്‍ കുംബ്ലെയെയും രാഹുല്‍ ദ്രാവിഡിനെയും ബി.ജെ.പി നേതൃത്വം സമീപിച്ചെന്ന വാര്‍ത്ത “ദ പ്രിന്റ് ഓണ്‍ലൈനി”നെ ഉദ്ധരിച്ച് ക്രിക് ട്രാക്കറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബി.ജെ.പി നേതൃത്വം വാഗ്ദാനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇരു താരങ്ങളും രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി നേതൃത്വത്തെ തിരിച്ചയച്ചതാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തു നിന്നുള്ള ക്രിക്കറ്റ് പ്രതിഭകളായ രാഹുല്‍ ദ്രാവിഡിനെയും അനില്‍ കുബ്ലെയെയും പാര്‍ട്ടിയിലെത്തിക്കാന്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ അണിയറയില്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരിലുമുള്ള പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ബി.ജെ.പി കേന്ദ്രത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായും “പ്രിന്റ്” റിപ്പോര്‍ട്ടിലുണ്ട്.

“ചര്‍ച്ചകള്‍ നടക്കുകയാണ്. അതില്‍ ഒരാളെയെങ്കിലും രാജ്യസഭയിലോ ലോക്‌സഭയിലോ എത്തിക്കാന്‍ കഴിയും. എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല.” ബി.ജെ.പിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇരുവരും വാഗ്ദാനം നിരസിക്കുകയും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയതായും “പ്രിന്റ്” റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ ചര്‍ച്ചകള്‍ സംബന്ധിച്ച് ഇരുതാരങ്ങളും ഇതുവരെയും പരസ്യ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇരുവരേയും ബി.ജെ.പി സമീപിച്ചതായി കുംബ്ലെയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ നായകനും ദേശീയ ടീം പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മാച്ച് അനലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. ദ്രാവിഡ് നിലവില്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനും.