2019ലെ തെരഞ്ഞെടുപ്പില്‍ രാഹുലിനെ ജനങ്ങളാരും കെട്ടിപ്പിടിക്കുമെന്ന് കരുതണ്ട; ബി.ജെ.പി
national news
2019ലെ തെരഞ്ഞെടുപ്പില്‍ രാഹുലിനെ ജനങ്ങളാരും കെട്ടിപ്പിടിക്കുമെന്ന് കരുതണ്ട; ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Sunday, 22nd July 2018, 11:59 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാം. പക്ഷെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളാരും രാഹുലിനെ കെട്ടിപ്പിടിക്കാനുണ്ടാകില്ലെന്ന് ബി.ജെ.പി.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ കടന്നാക്രമിച്ചുകൊണ്ട്
ബി.ജെ.പിയുടെ മാധ്യമ വിഭാഗം തലവന്‍ അനില്‍ ബലൂണിയാണ് രംഗത്തെത്തിയിരിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ രാഹുലിനെ പുറന്തള്ളുമെന്ന് അനില്‍ ബലൂണി പറഞ്ഞു.


ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; പരാജയഭീതിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നതെന്നും സോണിയാ ഗാന്ധി


വെറും 150 സീറ്റുകളില്‍ മാത്രം മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. എന്നിട്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നതെന്നും അനില്‍ ട്വിറ്ററില്‍ കുറിച്ചു.

വിശ്വാസവോട്ടെടുപ്പിനിടയില്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതിനെതിരെയും അനില്‍ വിമര്‍ശനമുന്നയിച്ചു.

“രാഹുല്‍ജി നിങ്ങള്‍ പ്രധാനമന്ത്രിയെ ബലം പ്രയോഗിച്ച് കെട്ടിപ്പിടിച്ചു. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിങ്ങളെ കെട്ടിപ്പിടിക്കുമെന്ന് കരുതേണ്ട. 2024ല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കോളൂ” അനില്‍ ട്വീറ്റ് ചെയ്തു.


പൊങ്ങച്ചം പറച്ചിലും ആത്മ പ്രശംസയും കൊണ്ട് രാജ്യത്തിന്റെ നയരൂപീകരണം നടത്താന്‍ കഴിയില്ല; മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിംഗ്


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ രൂക്ഷമായ പ്രസ്താവനകളോടും അനില്‍ പ്രതികരിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ അഴിമതി വര്‍ദ്ധിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അനിലിന്റെ മറുപടി.

ബി.ജെ.പി വക്താവായ സംഭിത് പത്രയും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രവര്‍ത്തിക്കാത്ത സമിതിയാണെന്നും പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധി കാര്യക്ഷമതയില്ലാത്ത നേതാവാണെന്നും സംഭിത് പത്ര പറഞ്ഞു.