കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് എം.എം അക്ബര്‍: റഹ്‌മത്തുള്ള ഖാസിമി
Kerala News
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് എം.എം അക്ബര്‍: റഹ്‌മത്തുള്ള ഖാസിമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th December 2021, 10:56 am

കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് എം.എം. അക്ബറാണെന്ന് ഇ.കെ. വിഭാഗം സുന്നി നേതാവും മതപ്രാസംഗികനുമായ റഹ്‌മത്തുള്ള ഖാസിമി. ഇന്ത്യയിലാകെ വര്‍ഗീയത വളര്‍ത്തിയത് സാകിര്‍ നായികാണെന്നും അദ്ദേഹം പറഞ്ഞു.

എം.എം. അക്ബറും സാകിര്‍ നായിക്കും ഇന്ത്യയിലുടനീളം നടന്ന് അന്യമതഗ്രന്ഥങ്ങളെ അവഹേളിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഏതെങ്കിലും ഒരു സഹാബത്ത് ഇന്ത്യയില്‍ വന്ന് അന്യമതഗ്രന്ഥങ്ങളെ അവഹേളിച്ച ചരിത്രമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അന്യസമുദായക്കാരുടെ ഗ്രന്ഥങ്ങളെ പരസ്യമായി അവഹേളിക്കുക ഒരു മുസ്‌ലിമിന് പാടുണ്ടോയെന്നും ഇത് പ്രബോധനമാണോയെന്നും അദ്ദേഹം ചോദിച്ചു.

‘ഭീകരവാദികളെ എതിര്‍ക്കുന്നില്ലെങ്കില്‍ മുസ്‌ലിമിന് എന്താണ് പണി. ഇസ്‌ലാമിന്റെ മുഖം ലോകത്ത് ഏറ്റവും വികൃതമാക്കിയവരാണ് തീവ്രവാദികള്‍. ലോകത്തുള്ള എല്ലാ തീവവ്രാദ സംഘടനകളും വഹാബിസമാണ്,’ റഹ്‌മത്തുള്ള പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി അന്യമതഗ്രന്ഥങ്ങളെ വെല്ലുവിളിച്ചാല്‍ പ്രശ്‌നമുണ്ടാകും. അന്യമതക്കാര്‍ക്ക് നമ്മളോട് വിദ്വേഷമുണ്ടാകും. അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


ചേകന്നൂര്‍ മൗലവിയും ജാമിദയും ജബ്ബാറും വഹാബിസത്തിന്റെ ഉല്‍പന്നങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ഭീകരവാദികളൊക്കെ വഹാബികളാണ്.

‘അസീം ഉമറാണ് ഇന്ത്യയില്‍ അല്‍ഖ്വയ്ദ സ്ഥാപിച്ചത്. മസൂദ് അസ്ഹര്‍ എന്ന വഹാബിയാണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചത്. അവരാണ് 90 കളില്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചി കൊണ്ട് പോയത്. ഇന്ത്യയിലെ മറ്റൊരു സംഘടനയായ ഹറഖത്തൂല്‍ മുജാഹിദ്ദീന്‍. സ്ഥാപിച്ചത് ഫസലു റഹ്‌മാന്‍ ഖലീല്‍. ഈ ഫസലു റഹ്‌മാന്‍ പഠിച്ചത് കറാച്ചിയിലെ വഹാബി സ്ഥാപനത്തിലാണ്. സഹ്‌റുദ്ദീന്‍ വഹാബിയാണ് പഠന ചെലവ് വഹിച്ചത്,’ റഹ്‌മത്തുള്ള പറഞ്ഞു.

‘ഇവരെ തള്ളിക്കളഞ്ഞില്ലേല്‍ ഇസ്‌ലാമിന് നിലനില്‍ക്കാന്‍ കഴിയുമോ? ഇവരുണ്ടാക്കിയ ദുരന്തം എത്രയാ. ഈ ദുരന്തത്തെ എങ്ങനെ നിസാരവല്‍ക്കരിക്കും. വഹാബിസം ക്രൂരമാണ്,’ അദ്ദേഹം പറഞ്ഞു.

ആധുനിക മുസ്‌ലിം സമൂഹത്തിലെ ആദ്യത്തെ തീവ്രവാദി മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ സയ്യീദുമാരെയെല്ലാം കൊന്നൊടുക്കുകയോ നാടുകടത്തുകയോ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ഇവരെയൊക്കെ നമ്മള്‍ (ഇസ്‌ലാം) പേറണമെന്നാണോ? നമുക്ക് കമ്യൂണിസ്റ്റുകാരോടോ, പിണറായി വിജയനോടോ മാത്രമെ പ്രശ്‌നമൊള്ളോ?. ഇവരൊന്നും കുഴപ്പമില്ല എന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

വെള്ളിയാഴ്ച പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ ഇസ്‌ലാമിക് അക്കാദമിയില്‍ ‘കമ്യൂണിസത്തേക്കാള്‍ അപകടമാണ് വഹാബിസം’ എന്ന പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahmathulla Qasimi about MM Akbar Zakir Nayik Wahabism