രഹാനെയ്ക്ക് സെഞ്ചുറി; ദല്‍ഹിക്ക് 192 റണ്‍സ് വിജയലക്ഷ്യം
IPL 2019
രഹാനെയ്ക്ക് സെഞ്ചുറി; ദല്‍ഹിക്ക് 192 റണ്‍സ് വിജയലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2019, 9:51 pm

ജയ്പുര്‍: അജിന്‍ക്യ രഹാനെയുടെ സെഞ്ചുറി മികവില്‍ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു മികച്ച സ്‌കോര്‍. രഹാനെയുടെ ഐ.പി.എല്‍ കരിയറിലെ രണ്ടാം സെഞ്ചുറിയുടെ കരുത്തില്‍ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

63 പന്തില്‍ 11 ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും സഹായത്തോടെയാണ് രഹാനെ 105 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ഫോമിലുള്ള ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 32 പന്തില്‍ 50 റണ്‍സുമായി രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി.

ദല്‍ഹിക്കുവേണ്ടി കാഗിസോ റബാഡ രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഒമ്പതു കളികളില്‍ നിന്ന് മൂന്നു ജയം മാത്രമുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്. അതേസമയം 10 കളികളില്‍ നിന്ന് ആറ് ജയമുള്ള ദല്‍ഹിക്ക് വിജയത്തോടെ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാനാവും.