എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സി.ബി.ഐ ഡയറക്ടറെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയാക്കി കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Thursday 31st August 2017 8:12am


ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍ കെ രാഘവനെ സൈപ്രസ്സിലെ ഇന്ത്യന്‍ സ്ഥാനപതി ആയി നിയമിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത് ആദ്യമായാണ് വിദേശ കാര്യാ സര്‍വീസില്‍ അല്ലാത്ത ഒരാളെ സ്ഥാനപതി ആയി നിയമിക്കുന്നത്.

എന്‍.ഡി.എ സര്‍ക്കാറിന്റെ രാഷ്ട്രീയ നിയമനമാണിത്. സാധാരണയായി ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസിലുള്ളവരെയാണ് അംബാസിഡര്‍ സ്ഥാനങ്ങളിലേക്കു നിയമിക്കുന്നത്.

1999 മുതല്‍ 2001 ഏപ്രില്‍ വരെ സി.ബി.ഐ ഡയറക്ടറായിരുന്നു രാഘവന്‍. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന അദ്ദേഹം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.


Also Read:  വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


ഗുജറാത്ത് കലാപത്തിന് സാക്ഷിയും കലാപത്തില്‍ കൊല്ലപ്പെട്ട എസ്സാന്‍ ജാഫരിയുടെ ഭാര്യയുമായ സാക്കിയ ജാഫരിയാണ് മോദിയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് 2008ല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കലാപത്തെക്കുറിച്ച് മോദിയ്ക്ക് അറിവുണ്ടായിരുന്നിട്ടും അദ്ദേഹം തടഞ്ഞില്ലെന്നായിരുന്നു സാക്കിയയുടെ ആരോപണം.

ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ ഗേറ്റിനരികില്‍ ജനക്കൂട്ടം ആയുധങ്ങളുമായി രംഗത്തുവന്നപ്പോള്‍ എസ്സാന്‍ ജാഫരി മോദിയുടെ ഓഫീസിനെ വിവരം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നുവെന്നാണ് സാക്കിയ മൊഴി നല്‍കിയത്. എന്നാല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെക്കുറിച്ച് താന്‍ അറിഞ്ഞത് സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു എന്നാണ് മോദി എസ്.ഐ.ടിയ്ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞത്.

മോദിയ്‌ക്കെതിരായ തെളിവുകള്‍ നശിപ്പിച്ച് രാഘവന്‍ അദ്ദേഹത്തെ രക്ഷിച്ചതാണെന്ന് അദ്ദേഹത്തിനെതിരെ ആ സമയത്ത് ആരോപണമുയര്‍ന്നിരുന്നു.

Advertisement