എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുന്നു; റാഫേല്‍ കരാറില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
എഡിറ്റര്‍
Sunday 19th November 2017 10:04am

ന്യൂദല്‍ഹി: റാഫേല്‍കരാര്‍ വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിനെ വിമര്‍ശിച്ച രാഹുല്‍ എന്തുകൊണ്ടാണ് പ്രതിരോധ രംഗത്ത് യാതൊരു അനുഭവസമ്പത്തുമില്ലാത്ത കമ്പനിയുമായി ഒരു കരാര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെന്ന ചോദ്യവും ഉന്നയിച്ചു.

പ്രതിരോധമന്ത്രിയെ നിശബ്ദയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും രാഹുല്‍പറഞ്ഞു. എയര്‍ക്രാഫ്റ്റ് കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം ലജ്ജാവഹമാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു രാഹുല്‍.

‘പ്രിയപ്പെട്ട രക്ഷാമന്ത്രീ നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുകയാണ്. അങ്ങേയറ്റം ലജ്ജാവഹമാണ് ഇത്- രാഹുല്‍ ട്വിറ്റ് ചെയ്തു.


Dont Miss ബി.ജെ.പിയ്ക്ക് 60 ല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ല; സംഘടന വിട്ട നേതാക്കള്‍ക്ക് ജനപിന്തുണ ലഭിക്കില്ലെന്നും ഹര്‍ദിക് പട്ടേല്‍


ഓരോ റാഫേല്‍ ജെറ്റിനുമായി ചിലവഴിച്ച കൃത്യം തുക സര്‍ക്കാര്‍ വെളിപ്പെടുത്തണം. റാഫേല്‍ ജെറ്റ് വാങ്ങുന്നതിന് മുന്‍പായി സര്‍ക്കാര്‍ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിരുന്നോ എന്നും രാഹുല്‍ ചോദിച്ചു.

പ്രതിരോധന രംഗത്ത് വലിയ പാരമ്പര്യമുള്ള എച്ച്.എ.എല്‍ പോലുള്ള കമ്പനികളെ മറികടന്ന് ഡിഫന്‍സ് രംഗത്ത് ഒട്ടും മുന്‍പരിചയമില്ലാത്ത ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് എന്തിനാണെന്നും രാഹുല്‍ ചോദിക്കുന്നു.

റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് ആരോപണം അപമാനകരമാണെന്നായിരുന്നു നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. യുപിഎ സര്‍ക്കാര്‍ പരിഗണിച്ച വിമാനങ്ങളുടേതിനെക്കാള്‍ മെച്ചപ്പെട്ട ആയുധ സംവിധാനവും കാര്യക്ഷമതയുമുള്ള റാഫേലിനു നല്‍കുന്നതു ന്യായവിലയാണ് എന്നും പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.

ഒരു വ്യവസായിക്കുവേണ്ടി പ്രധാനമന്ത്രി മോദി കരാര്‍ പൊളിച്ചെഴുതിയെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയത്.

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ചത് അഞ്ചുവതവണ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നുവെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ അനുമതിയോടെയാണ് കരാറില്‍ ഒപ്പുവച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.

എന്നാല്‍ റാഫേല്‍ ഇടപാട് ദേശീയതാല്‍പര്യം ബലികഴിക്കുന്നതും തല്‍പരകക്ഷികളെ സഹായിക്കുന്നതുമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

Advertisement