ദി 'ഹിന്ദു' ഉണരുന്നു
ജിതിന്‍ ടി പി

 

2007 ലെ യു.പി.എ സര്‍ക്കാരാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്റെ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ആലോചിക്കുന്നത്.

അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ടിന്‍, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെന്‍, യുറോഫൈറ്റര്‍ ടൈഫൂണ്‍, ഫ്രാന്‍സിലെ ദസോള്‍ട്ട് റഫാല്‍ തുടങ്ങിയ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കുകയും അവസാനം റഫാലിന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഫ്രഞ്ച് കമ്പനിയുമായി 2012 ലാണ് കരാര്‍ ഒപ്പുവെക്കുന്നത്. ഇതനുസരിച്ച് 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ച് നല്‍കും. ബാക്കി 108 വിമാനങ്ങള്‍ ബംഗ്‌ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്‌സ് ലിമിറ്റഡുമായി(എച്ച്എഎല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചു നല്‍കും. വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു.

ALSO READ: ഈ കേസ് മുറിവുണക്കുന്നതിന് വേണ്ടിയാണ്; അയോധ്യക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത ഹിന്ദു മഹാസഭയോട് സുപ്രീംകോടതി

1020 കോടി ഡോളാറിന്റേതാണ് അന്നത്തെ കരാര്‍. അതായത് ഏകദേശം 54000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാര്‍ച്ചില്‍ ദസോള്‍ട്ടും എച്ച്.എ.എല്ലും കരാറില്‍ ഒപ്പുവെച്ചു.

എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ കരാര്‍ തകിടം മറിഞ്ഞത്.

2015 ലെ മോദിയുടെ ഫ്രാന്‍സിലേക്കുള്ള യാത്രയിലാണ് റഫാലില്‍ തിരുത്തലുകള്‍ വരുന്നത്. ആ സന്ദര്‍ശനത്തോടെ ഇന്ത്യ വാങ്ങുന്ന പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോര്‍ വിമാനങ്ങള്‍ക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചു.

ALSO READ: അയോധ്യ കേസ് മധ്യസ്ഥതയ്ക്ക്; ശ്രീ ശ്രീ രവിശങ്കര്‍ അടക്കം മധ്യസ്ഥ സംഘത്തില്‍ മൂന്നു പേര്‍

അതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നല്‍കേണ്ട വിലയേക്കാള്‍ അധികം നല്‍കണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. വിമാന വില പുറത്തുവിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യ ഫ്രാന്‍സ് സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് വിലക്കപ്പെട്ടതിനാലും അധികമായി നല്‍കേണ്ടിവരുന്ന തുകയെത്ര എന്ന് രാജ്യത്തെ പൗരന്‍മാര്‍ക്ക് അറിയാന്‍ നിര്‍വാഹമില്ല.

യു.പി.എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പാകത്തിലേക്ക് വളരാന്‍ സാധിക്കുമായിരുന്നു.

ALSO READ: നടന്നതൊന്നും പുറത്തു പറയരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു; ലൈംഗികാതിക്രമ കേസില്‍ ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു

അതില്ലാതാക്കി, ദസോള്‍ട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോള്‍ ഇല്ലാതായത് സാങ്കേതിക വിദ്യാ കൈമാറ്റമാണ്. ഈ കമ്പനികളെല്ലാം കൂടി, കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു.

126 പോര്‍ വിമാനങ്ങളെന്നത് 36 ആക്കാനും ഇന്ത്യന്‍ പങ്കാളി സ്ഥാനം അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാനുമുള്ള തീരുമാനത്തിലേക്ക് നയിച്ച ആലോചനകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കിനെക്കുറിച്ചെല്ലാമാണ് ദി ഹിന്ദുവില്‍ എന്‍ റാം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട്.

അഴിമതിക്കെതിരെ നാടുനീളെ ഘോരഘോരം പ്രസംഗിച്ച്, അഴിമതി തുടച്ചുനീക്കുകയാണ് തന്റെ അവതാരോദ്ദേശ്യമെന്ന് പ്രഖ്യാപിച്ച്, രാഷ്ട്ര സേവനത്തിനായി കുടുംബം പോലും വേണ്ടെന്നുവെച്ചവനെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദിയുടെ ഓഫീസാണ് അഴിമതിക്ക് അവസരമൊരുക്കും വിധത്തില്‍ കരാറില്‍ മാറ്റം വരുത്തുന്നത്.

ALSO READ: പുല്‍വാമ ആക്രമണം നടന്നയുടന്‍ എന്നിലെ രാജ്യസ്നേഹി ഇളകിമറിഞ്ഞു, ഞാന്‍ വ്യസനിക്കുകയും രോഷം കൊള്ളുകയും ചെയ്തു

ഈ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചത്. അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് മോദി സര്‍ക്കാര്‍ കരാര്‍ നടപ്പിലാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന രേഖകളില്‍ പ്രധാനമായും ഉള്ളത്.

സ്റ്റാന്റേഡ് ഡിഫന്‍സ് പ്രോക്യുയര്‍മെന്റ് പ്രോസിഡിയറിലെ ചില വ്യവസ്ഥകളാണ് കരാറിനായി മാറ്റിയത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനോ അനധികൃതമായ സ്വാധീനമോ തടയുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കരാരിന് വേണ്ടി മറികടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയും ഫ്രാന്‍സുമായി ഏര്‍പ്പെട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകള്‍ ഇളവുവരുത്തിയത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിട്ടില്ലെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട സപ്ലൈ പ്രോട്ടോക്കോളില്‍ നിന്നാണ് വ്യവസ്ഥകള്‍ മാറ്റിയത്. ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇങ്ങനെ അഴിമതി തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേര്‍ എതിര്‍ത്തു.

ALSO READ: മാധ്യമപ്രവര്‍ത്തനവും പ്രൊപ്പഗാന്‍ഡയും തമ്മിലുള്ള പോരുകള്‍

അത് അറിയിച്ചു കൊണ്ട് അവരെഴുതിയ എട്ടു പേജുള്ള വിയോജനക്കുറിപ്പും “ദ ഹിന്ദു” പുറത്തുവിട്ടു.

ദസോള്‍ട്ടുമായുള്ള പണമിടപാട് ഫ്രഞ്ച് സര്‍ക്കാര്‍ വഴിയാണ് യഥാര്‍ഥത്തില്‍ നടപ്പിലാക്കേണ്ടത്. എന്നാല്‍, മോദി സര്‍ക്കാര്‍ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സര്‍ക്കാറിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപെടല്‍ സാധ്യമാകാതെ വരും.

കരാറിന്റെ ഭാഗമായി നല്‍കേണ്ട സോവറീന്‍ ഗ്യാറന്റിയുടെ ബാധ്യതയില്‍ നിന്നും ഫ്രഞ്ച് സര്‍ക്കാറിനെ ചട്ടങ്ങള്‍ മറികടന്ന് മോദി സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാന്‍സ് പ്രധാനമന്ത്രി നല്‍കുന്ന ലെറ്റര്‍ ഓഫ് കംഫേട്ട് മാത്രമാണ് നല്‍കിയത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ദി ഹിന്ദു നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ഇടപെടല്‍ നടത്തിയെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ALSO READ: ഉമ്മ തന്ന പാക്കിസ്ഥാന്റെ താക്കോല്‍

രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ബോഫോഴ്‌സ് അഴിമതി തുറന്നു കാട്ടിക്കൊണ്ട് എഴുതിയ റിപ്പോര്‍ട്ടിലൂടെയാണ് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്‍ റാം ദേശീയ മാധ്യമരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുന്നത്.

ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയതിന് സമാനമായ സാഹചര്യമായിരുന്നു ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടു വന്നപ്പോഴുമുണ്ടായിരുന്നത്. ബോഫോഴ്‌സ് തോക്ക് ഇടപാടില്‍ സമാഹരിച്ച കമ്മീഷന്‍ തുക മുഴുവന്‍ സ്വിസ് ബേങ്ക് അക്കൗണ്ടിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത് എന്നും ഈ അഴിമതി അന്വേഷിക്കണമെന്നും എന്‍ റാം വെളിപ്പെടുത്തി.

1980നും 1990നും ഇടയില്‍ ഇന്ത്യയും സ്വീഡനും തമ്മില്‍ നടന്ന ആയുധ ഇടപാടുകള്‍ മുഴുവന്‍ പുനരന്വേഷിക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നു വന്നു. ഈ കേസില്‍ രാജീവ് ഗാന്ധി കമ്മീഷനായി 64 കോടി രൂപ കൈപ്പറ്റിയതായും തെളിഞ്ഞു. രാജീവ് ഗാന്ധിക്ക് മോണ്ട് ബ്ലാങ്കിനു പുറമെ ട്യൂലിപ്പ് എന്ന പേരിലും അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു.

ദി ഹിന്ദു ദിനപത്രത്തിന്റെ സ്റ്റോക്ക് ഹോം റിപ്പോര്‍ട്ടറായിരുന്ന ചിത്ര സുബ്രഹ്മണ്യമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്ന് പുറത്തുകൊണ്ടുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ ജി.കസ്തൂരി തയ്യാറായില്ല. തുടര്‍ന്ന് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എന്‍ റാം ഡല്‍ഹിയില്‍ പത്ര സമ്മേളനം നടത്തിയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.

ALSO READ: മസൂദ് മൗലാനാമാര്‍ ഉണ്ടാകുന്നത്

റഫാല്‍ റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയെക്കുറിച്ച് എന്‍ റാം ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ: “ദി ഹിന്ദുവിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചേക്കാം. അങ്ങനെയൊരു സാധ്യത ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ പോലും ഞങ്ങള്‍ പിന്നോട്ടില്ല. ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടു വന്നപ്പോള്‍ അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ ഉള്‍പ്പെടെ പ്രധാന മാധ്യമങ്ങളെല്ലാം ഹിന്ദുവിനോടൊപ്പം നിന്ന് അഴിമതിക്കെതിരെ പോരാടി. പക്ഷേ, റാഫേല്‍ വിഷയത്തില്‍ ഞങ്ങളുടേത് ഒരു ഒറ്റയാള്‍ പോരാട്ടമാണ്. എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നാലും ഈ അന്വേഷണം മികച്ച റിസള്‍ട്ട് തന്നെ കൊണ്ടുവരും

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദിയുടെ ഫോട്ടോയില്ലാതെ ഒരു ദിവസം പോലും പത്രമിറങ്ങരുതെന്ന് എഡിറ്റോറിയല്‍ ടീമിന് നിര്‍ദേശം കൊടുത്തിരുന്ന ദി ഹിന്ദുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമാണ്.

റഫാലില്‍ ഹിന്ദു പ്രസിദ്ധീകരിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാദത്തിന് അദ്ദേഹം കൊടുത്ത മറുപടിയും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.