റാഫേല്‍: അഴിമതി,  സ്വജനപക്ഷപാതം
Rafale Row
റാഫേല്‍: അഴിമതി, സ്വജനപക്ഷപാതം
ജിജോയ് മാത്യു
Friday, 28th September 2018, 10:34 am

റാഫേല്‍ ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധവിമാനം മാത്രമല്ല. 2019 തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ആരോപണം മാത്രവുമല്ല. കൃത്യമായും ഉത്തരം ലഭിക്കേണ്ട ഒരു പാട് ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു.  നികുതി ദായകന്റെ പണം ചെലവഴിക്കുമ്പോള്‍ അത് ഏതു സര്‍ക്കാരായാലും ഉത്തരം നല്‍കിയേ മതിയാകൂ. രാഷ്ട്രീയത്തിനപ്പുറമായി റാഫേല്‍ ഇടപാടുമായി  പൊതുസമൂഹത്തില്‍  ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യങ്ങള്‍ക്കു ഇന്ത്യയിലെ 130 കോടി ജനങ്ങളോട്  ഇതുവരെയും മോദി ഗവണ്മെന്റ് ഉത്തരം നല്‍കിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.

ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ അത്യാധുനിക പോര്‍വിമാനങ്ങള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു 126 വിമാനങ്ങളുമായി മുന്‍പോട്ടു പോയത് വാജ്പേയി  ഗവണ്മെന്റ് ആയിരുന്നു. അതിനു ശേഷമാണ് 126 യുദ്ധവിമാനങ്ങള്‍ വേണമെന്ന് യു.പി.എ ഗവണ്‍മെന്റ് 2007 -ല്‍ പ്രഖ്യാപിക്കുന്നത്.  ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇതിന്റെ സാങ്കേതിക പഠനങ്ങളും വിശകലനങ്ങളും നടത്തി റാഫേലിനെയും യൂറോ ഫൈറ്റര്‍ ടൈഫൂണിനെയും 2011-ല്‍ അംഗീകരിച്ചു. 2012 -ല്‍  റാഫേലിനെ എല്‍ ഒന്ന് ബിഡ്ഡര്‍ ആയി പ്രഖ്യാപിച്ചു കൊണ്ടാണ്  യു.പി.എ ഗവണ്മെന്റ് ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനുമായി (Dassault Aviation) ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

അതെ തുടര്‍ന്ന് പലചര്‍ച്ചകള്‍ക്കും ശേഷം  2014 മാര്‍ച്ചിലാണ് യു.പി.എ ഗവണ്മെന്റും ദാസോ ഏവിയേഷനുമായുള്ള വര്‍ക് ഷെയര്‍ എഗ്രിമെന്റ് ഒപ്പിടുന്നത്. മാര്‍ച്ച് 13ാം തീയതി ദാസോ ഏവിയേഷന്‍ സി.ഇ.ഒ എറിക് ട്രാപ്പിയര്‍ വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ കരാറുമായി മുന്നോട്ടു പോകുകയാണ് എന്നാണ്.  അതിന്റെ അടിസ്ഥാനത്തില്‍ 18 വിമാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച് നല്‍കുമെന്നും ബാക്കി 108 വിമാനങ്ങള്‍ ഇന്ത്യയിലെ എയര്‍ ക്രാഫ്റ്റ് രംഗത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ  എച്ച് എ എല്ലിന്റെ (Hindustan Aeronautics Limited) സഹായത്തോടു കൂടി നിര്‍മ്മിക്കും എന്നായിരുന്നു കരാര്‍.

 

സാങ്കേതിക വിദ്യ കൈമാറിക്കൊണ്ട് 70%  നിര്‍മ്മാണ ജോലിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ചുമതലയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നായിരുന്നു ആ വ്യവസ്ഥ നല്‍കിയ ഉറപ്പ്.  തെരഞ്ഞെടുപ്പ് വന്നതോട് കൂടി യു.പി.എ ഗവണ്മെന്റിനു ആ കരാറുമായി മുന്‍പോട്ടു പോകാന്‍ കഴിഞ്ഞില്ല എന്‍.ഡി.എ ഗവണ്‍മെന്റാണ് പിന്നീട് അതുമായിട്ടുള്ള തുടര്‍ നടപടികളിലേക്ക് പോകുന്നത്.  അതിനുശേഷമാണ് റാഫേല്‍ ഇടപാടിന്റെ പൂര്‍ണ്ണ ചിത്രം തന്നെ മാറുന്നത്.

2015 ഏപ്രിലില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. മോദിയും ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വ ഓലെന്‍സ്വയും (François Hollande)  ചേര്‍ന്ന് ഏപ്രില്‍ മാസം 10ാം തീയതി ആണ് ഇന്ത്യ 36 ഫൈറ്റര്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങും എന്ന് പ്രഖ്യാപിക്കുന്നത്.  അതിനു 12 ദിവസം (മാര്‍ച്ച് , 28 2015) മുന്‍പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സ് ലിമിറ്റഡ് എന്ന കടലാസ് കമ്പനി രൂപം കൊള്ളുന്നത്.

ഫ്രഞ്ച് സന്ദര്‍ശനത്തില്‍ മോദിയോടൊപ്പം ഉണ്ടായിരുന്ന അനില്‍ അംബാനി എങ്ങനെയാണു റാഫേല്‍ ഇടപാടില്‍  ഓഫ്‌സെറ്റ് (അനുബന്ധ നിര്‍മ്മാണ കരാര്‍) പങ്കാളിയായി വന്നത് എന്ന് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. 30000 കോടി രൂപയിലധികമാണ് അനുബന്ധ കരാറായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പിനിക്ക് ലഭിക്കുന്നത്. ഇവിടെയാണ് അഴിമതി ആരോപിക്കപ്പെടുന്നത്  ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍  സാങ്കേതിക വിദ്യ കൈമാറിക്കൊണ്ട് 108 വിമാനങ്ങള്‍  ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാര്‍ അട്ടിമറിച്ചത് ആരാണ്?

 

2015 മാര്‍ച്ച് മാസം 25ാം തിയതി ദാസോ ഏവിയേഷന്റെ സി.ഇ.ഒ എറിക് ട്രാപ്പിയര്‍ പറയുന്നത് ഇങ്ങനെ “ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ഏവിയേഷനുമായുള്ള തുടര്‍ നടപടികള്‍ 95 ശതമാനവും പൂര്‍ത്തീകരിക്കപ്പെട്ടു. തുടര്‍ന്നുള്ള 5 ശതമാനം എത്രയും വേഗം പൂര്‍ത്തീകരിക്കും”. ഒരു ആശങ്കക്കും ഇടനല്‍കാത്ത എറിക് ട്രാപ്പിയറിന്റെ ആ പ്രസ് കോണ്‍ഫ്രന്‍സ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും എച്ച്.എ.എല്ലിലെയും പ്രധാന വ്യക്തികളുടെ സാനിധ്യത്തിലായിരുന്നു. അതുമാത്രവുമല്ല മോദിയുടെ പ്രഖ്യാപനം വരുന്നതിനു രണ്ടു ദിവസം മുന്‍പ് ഫോറിന്‍ സെക്രട്ടറി എസ്. ജയശങ്കര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കൃത്യമായി പറയുന്നത് എച്ച്.എ.എല്ലും പ്രതിരോധവകുപ്പും ദാസോ ഏവിയേഷനുമായുള്ള ചര്‍ച്ചകള്‍ ഏറ്റവും നല്ല രീതിയില്‍ ആണെന്നാണ്.

ഒറ്റ രാത്രികൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതില്‍ ചരട് വലിച്ചത് ആരാണ്? അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പറയുന്നത് തനിക്കു ഇതിനെ പറ്റി അറിയില്ല എന്നാണ്.  എവിടെയാണ് തിരിമറി സംഭവിച്ചത് ഇതിനു ഉത്തരം നല്‍കേണ്ടത് മോദി ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്.

2015 ഓഗസ്റ്റ് മാസം 5 ആം തീയതി ആണ് ഓഫ്‌സെറ്റ് നിബന്ധനകളിലെ മാറ്റങ്ങള്‍ കേന്ദ്രഗവണ്മെന്റ് വരുത്തുന്നത്. അതും ആര്‍ക്കു വേണ്ടിയായിരുന്നു?  മോദി ഗവണ്മെന്റ് മുന്‍പോട്ടു വെയ്ക്കുന്ന രാജ്യ സ്‌നേഹവും രാജ്യസുരക്ഷയും ആരുടെ മുന്‍പിലാണ് അടിയറവ് വെയ്ക്കുന്നത് എന്ന്  ഇതില്‍ നിന്നെല്ലാം വളരെ വ്യക്തമാണ്.

2016 സെപ്റ്റംബര്‍ 23ാം തിയതി ആണ് ഫ്രഞ്ച് ഗവണ്‍മെന്റും ഇന്ത്യന്‍ ഗവണ്മെന്റും തമ്മിലുള്ള അന്തിമ കരാര്‍ ഒപ്പിടുന്നത് അതെ ദിവസം തന്നെയാണ് റിലയന്‍സും ദാസോ ഏവിയേഷനുമായുള്ള ഓഫ്‌സെറ്റ് കരാറിലും ഒപ്പു വെക്കുന്നത്. എന്നിട്ടും ഗവണ്മെന്റ് പറയുന്നത് ഓഫ്സെറ്റ് കരാറിനെ കുറിച്ച് അറിയില്ല എന്നാണ്. അപക്വമായ മറുപടികളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും അല്ല മറുപടി നല്‍കേണ്ടത്. ഈ ഘട്ടത്തില്‍ ആണ്  പ്രതിരോധമേഖലയില്‍ അന്തിമമായി മോദി ഗവണ്മെന്റ് ഉണ്ടാക്കിയ കരാര്‍ പോലും അട്ടിമറിക്കപ്പെട്ടതായി സംശയിക്കപ്പെടുന്നത്.

അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറെന്‍സ് പാര്‍ലെയ്‌ക്കൊപ്പം

2016 മാര്‍ച്ചില്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രസിദ്ധികരിച്ചിട്ടുള്ള ഡിഫന്‍സ് പ്രോക്യുര്‍മെന്റ് പ്രോസീജ്യുര്‍ (Defence Procurement Procedure 2016) കൃത്യമായും പറയുന്നുണ്ട്. എല്ലാ ഓഫ്‌സെറ്റ് പ്രൊപ്പോസലും അതിന്റെ മൂല്യം പോലും നോക്കാതെ അക്വിസിഷന്‍ മാനേജരുടെ മേല്‍നോട്ടത്തില്‍ രാജ്യരക്ഷ മന്ത്രിയുടെ അംഗീകാരത്തോടു കൂടി ആയിരിക്കണം എന്നാണ്. ആ സാഹചര്യത്തിലാണ് ഇവിടെ റിലയന്‍സ് എന്ന കടലാസ് കമ്പനിക്ക് അംഗീകാരം ലഭിക്കുന്നത്.

ഗവണ്മെന്റ് ഗവണ്മെന്റ് ഡീല്‍ (G2G deal) ആണ് ഗവണ്മെന്റ് അല്ല റിലയന്‍സിനെ തെരഞ്ഞെടുത്തത് എന്നാണ്  ഈ ഗവണ്മെന്റിലെ എല്ലാ മന്ത്രിമാരും ബിജെപി വക്താക്കളും പറയുന്നത്.  രാജ്യ രക്ഷാമന്ത്രിയുടെ അനുമതിയോടു കൂടി ചെയ്യേണ്ട ഓഫ്‌സെറ്റ് കരാര്‍ ഗവണ്മെന്റ് അറിഞ്ഞില്ല എന്ന് പറയുന്നതിലെ യുക്തി എന്താണ് എന്ന് മനസ്സിലാകുന്നില്ല. അവിടെയാണ് നിയമം അട്ടിമറിച്ചു കൊണ്ട് റിലയന്‍സിന് വേണ്ടിയുള്ള ഓഫ്‌സെറ്റ് കരാറില്‍ മോദി ഇടപെടുന്നതു  മനസ്സിലാകുന്നത്.

2017 ഒക്ടോബര്‍ മൂന്നാം തിയതി അനില്‍ അംബാനിയുടെ റിലയന്‍സും ദാസോയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടത്തിയത് ഫ്രഞ്ച് ആംഡ് ഫോഴ്‌സ് മന്ത്രി ഫ്‌ലോറെന്‍സ് പാര്‍ലിയാണ്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ്, ഫ്രഞ്ച് അംബാസിഡര്‍ തുടങ്ങിയവരുടെയെല്ലാം  സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  വിമാന നിര്‍മ്മാണ രംഗത്തു ഒരു പ്രവര്‍ത്തി പരിചയവുമില്ലാത്ത കടലാസ് കമ്പനിയുടെ നടത്തിപ്പുകാരനായ അനില്‍ അംബാനിയുടെ സാമ്പത്തിക ബാധ്യത ഒരു ലക്ഷം കോടിയിലധികം രൂപയാണ്. യാതൊരു സാമ്പത്തിക മൂലധനവുമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സിന് ഈ കരാര്‍ നല്‍കുക വഴി ഇന്ത്യയുടെ എക്കാലത്തെയും മികച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.

 

എച്ച്.എ.എല്ലിന് വേണ്ട കഴിവില്ല എന്നാണ് ഇപ്പോഴത്തെ പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ (2018 സെപ്റ്റംബര്‍ 14 തിയതി)  പറയുന്നത്. സ്വന്തം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തെ തള്ളിപ്പറയുന്നത് വഴി ആരുടെ ഇഷ്ടമാണ് മന്ത്രി നടപ്പിലാക്കുന്നത് എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ഇനി എച്ച്.എ.എല്ലിനെ കുറിച്ച് ഒന്ന് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. മിറാഷ്. സുഖോയ്, ജാഗ്വര്‍, തേജസ് തുടങ്ങി 4000 ഇല്‍ അധികം എയര്‍ക്രാഫ്റ്റുകള്‍, 20ലധികം രാജ്യങ്ങളിലേക്കും യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍  ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ക്കും  വിമാന സാധന സാമഗ്രികള്‍ നിര്‍മ്മിച്ച് നല്‍കുന്നു. 70 വര്‍ഷത്തിലധികമായി വിമാന നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എന്തിനേറെ റിലയന്‍സുമായി ഒപ്പിട്ട  ഫ്രഞ്ച് കമ്പനിയായ ദാസോ ഇപ്പോഴും പല പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളിയാണ്. ദാസോ തന്നെ  എച്ച്.എ.എല്ലിന്റെ പ്രവര്‍ത്തന മികവ് പലതവണ  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെയാണ് വകുപ്പ് മന്ത്രിയായ  നിര്‍മ്മല സീതാരാമന്‍  തള്ളിപറഞ്ഞത്.

പാര്‍ലമെന്റില്‍ റാഫേല്‍ വിമാനങ്ങളുടെ വില പ്രഖ്യാപിക്കും എന്ന് സീതാരാമന്‍ പറഞ്ഞിട്ട് എന്തുകൊണ്ട് പിന്നോക്കം പോയി എന്നതാണ് അടുത്ത സംശയം. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് വില വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ് പിന്നീട് അവര്‍ തന്നെ പറയുന്നത്. അതെ പാര്‍ലമെന്റില്‍ ഇന്ത്യയുടെ പ്രതിരോധമേഖലയിലുള്ള എത്രയോ ഫൈറ്റര്‍ വിമാനങ്ങളുടെ വില കഴിഞ്ഞ യു.പി.എ കാലത്തു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും സാങ്കേതിക വിദ്യ വെളിപ്പെടുത്താന്‍ ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. വില പുറത്തു വിടണം എന്നാണ് ആവശ്യപ്പെട്ടത്. പക്ഷെ അപ്പോഴും അവര്‍ അതിനു മുതിരുന്നില്ല.

മോഡി കൊണ്ടുവന്ന ഈ റാഫേല്‍ കരാറിനെ പിന്തുണക്കുന്നത് ആരാണ്? റിലയന്‍സിന്റെ കൂടെ കരാറിലേര്‍പ്പെട്ട ദാസോ ആണ് ഒരുവശത്ത്. പിന്നീട് ഫ്രഞ്ച് ഗവണ്മെന്റിനെ പ്രതിനിധീകരിച്ചുകൊണ്ടു അവരുടെ വകുപ്പുമാണുള്ളത്. ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവേല്‍ മാക്രോണ്‍ പോലും ഈ റാഫേല്‍ വിമാനങ്ങളുടെ വില പ്രതിപക്ഷ പാര്‍ട്ടികളുമായി പങ്കുവെക്കുന്നതിനു ഫ്രാന്‍സിന് തടസ്സമില്ല എന്നാണ് പറഞ്ഞത്. ഇന്ത്യയുമായിട്ടുള്ള റാഫേല്‍ കരാര്‍ എന്റെ സമയത്തല്ല മുന്‍പുള്ള ഫ്രഞ്ച് ഗവണ്മെന്റിന്റെ സമയത്താണ് എന്ന് ആവര്‍ത്തിക്കുന്നതിലൂടെ മോദി ഗവണ്മെന്റിനു സര്‍ട്ടിഫിക്കറ്റ് നല്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നത് സുവ്യക്തമാണ്.

 

മോദിയുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ട മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലന്‍സ്വാ നല്‍കിയ രണ്ടു മാധ്യമ റിപ്പോര്‍ട്ടുകളിലും ഒന്നില്‍ പോലും അദ്ദേഹം പുറകോട്ടു പോയിട്ടില്ല എന്ന് മനസ്സിലാകും. മോഡി ഗവണ്‍മെന്റാണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ നിര്‍ദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ത്യയിലെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്  ഫ്രാന്‍സ്വ ഓലന്‍സ്വാ രണ്ടാമത് നല്‍കിയ വാര്‍ത്തയില്‍ മലക്കം മറിഞ്ഞു എന്നാണ്. പക്ഷെ അത് ശരിയല്ല. ഒരു ഭാഗം അടര്‍ത്തിയെടുത്താണ്  അത് പ്രചരിപ്പിച്ചത്. “ഒരു പുതിയ ഫോര്‍മുല എന്നരീതിയാല്‍ മോഡി ഗവണ്മെന്റ് റിലയന്‍സിനെ തീരുമാനിക്കുകയായിരുന്നു” എന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സൂചിപ്പിച്ചത്. അതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് മോഡി നേരിട്ടാണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ ഈ  കരാറില്‍ ഉള്‍പ്പെടുത്തുന്നത്. മോദിയുമായി നേരിട്ട് കരാര്‍ പ്രഖ്യാപിച്ച ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്  ഇത് പറയാമെങ്കിലും എന്തുകൊണ്ട് മോദി മൗനം അവലംബിക്കുന്നു എന്നത് ഇവിടെ പ്രസക്തമാണ്.

റാഫേല്‍ കരാറുമായി പൊതുസമൂഹത്തില്‍ നിരവധി ചോദ്യങ്ങള്‍ ആണ് അവശേഷിക്കുന്നത് ആരാണ്  ഇതിനെല്ലാം ഉത്തരം നല്‍കേണ്ടത്? മോദി വ്യക്തിപരമായി ഇടപെട്ടു എന്നതിലേക്കാണ് ഈ ചോദ്യങ്ങളെല്ലാം എത്തുന്നത്. അല്ലങ്കില്‍ മോദി ഉത്തരം പറയുക എന്നുള്ളതാണ്. അവിടെയാണ് റാഫേല്‍ ഇടപാടില്‍ അഴിമതിയും, മുതലാളിത്ത ചങ്ങാത്തവും, സ്വജനപക്ഷവാതവും വളരെ കൃത്യമായും   ആരോപിക്കുന്നത്.  പൊതു ജനത്തിന്റെ നികുതിപ്പണം കുത്തക മുതലാളിമാര്‍ക്ക് അടിയറവു വെക്കുന്നതിനെ വിമര്‍ശിക്കുമ്പോള്‍ അവരെ രാജ്യദ്രോഹികളാക്കുന്ന ആ പതിവ് രീതിയല്ല ഇവിടെ ആവശ്യം മറിച്ച് യഥാര്‍ത്ഥ സത്യം പറയുക എന്നുള്ളതാണ്. അല്ലെങ്കില്‍ നഗ്നമായ നുണപ്രചാരണങ്ങളുടെ മേലാളന്മാരെ കാലം ചവറ്റു കുട്ടയിലേക്കു വലിച്ചെറിയുക തന്നെ ചെയ്യും അതാണ് ചരിത്രം.