അന്ന് സുരാജിന്റെ നായികയാവാന്‍ ആരും തയ്യാറായില്ല; ഇന്ന് ന്യൂ ജനറേഷന്‍ നായികമാര്‍ ക്യൂ നില്‍ക്കുന്നു: രാധാകൃഷ്ണന്‍ മംഗലത്ത്
Entertainment news
അന്ന് സുരാജിന്റെ നായികയാവാന്‍ ആരും തയ്യാറായില്ല; ഇന്ന് ന്യൂ ജനറേഷന്‍ നായികമാര്‍ ക്യൂ നില്‍ക്കുന്നു: രാധാകൃഷ്ണന്‍ മംഗലത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th April 2023, 4:36 pm

സുരാജിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറാകാത്ത നായികമാരുണ്ടെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്ത്. സുരാജ് കിട്ടിയ അവസരങ്ങള്‍ വിനിയോഗിച്ചുവെന്നും ഇപ്പോള്‍ നായികമാര്‍ ഇങ്ങോട്ട് വന്ന് അഭിനയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ഒഫീഷ്യലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സുരാജിനെ നായകനാക്കി ഒരു പടം ചെയ്തപ്പോള്‍ നായികയാവാന്‍ ഒരു പെണ്‍കുട്ടികളും ഡേറ്റ് കൊടുത്തിട്ടില്ല. സത്യമായ കാര്യമാണ്. ‘സുരാജിന്റെ നായികയോ’ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ഇന്ന് സുരാജിന്റെ നായികയാവാന്‍ പുറകെ നടക്കുന്ന ഒരുപാട് പുതിയ ജനറേഷന്‍ നായികമാരുണ്ട്. അത് വരെ എത്തിയതാണ് സുരാജിന്റെ ഏറ്റവും വലിയ വിജയം. വെറും കൊമേഡിയന്‍ എന്ന് പറഞ്ഞ് നമ്മള്‍ നിസാരവല്‍ക്കരിച്ച എല്ലാവരും കാലിബര്‍ ഉള്ളവരാണ്. ഇന്ദ്രന്‍സ് ഏട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് ഒക്കെ ഉദാഹരണം.

എല്ലാ വില്ലന്മാരും കൊമേഡിയന്മാരായിട്ടുണ്ട്. മഞ്ഞില്‍ വിരുന്ന പൂക്കളില്‍ വില്ലനായി വന്ന ലാല്‍ സാര്‍ പോലും അവസാനം എവിടെയാണ് നില്‍ക്കുന്നത്. നമ്മള്‍ കരുതുന്ന എല്ലാ വില്ലന്‍മാരും ഇന്ന് കൊമേഡിയന്മാരാണ്.

ഏറ്റവും കൂടുതല്‍ വ്യത്യസ്തമായുള്ള വേഷം ചെയ്തിട്ടുള്ള ജഗതി ചേട്ടന്റെ കാലിബര്‍ കണ്ടെത്താനായിട്ട് പലരും ശ്രമിച്ചിട്ടില്ല. അവര്‍ അവിടെ തന്നെ ഇട്ടു. അതാണ് സംഭവിച്ചത്.

സുരാജിന് കിട്ടിയത് അവസരങ്ങളാണ്. ജഗതി ചേട്ടനെ പോലെ അവിടെ തളച്ചിടാതെ അവിടുന്ന് ചില അവസരങ്ങള്‍ കിട്ടിയപ്പോള്‍ ആ അവസരങ്ങള്‍ യൂട്ടിലൈസ് ചെയ്തു,’ അദ്ദേഹം പറഞ്ഞു.

2010ല്‍ ഇറങ്ങിയ സകുടുംബം ശ്യാമള, 2013ല്‍ ഇറങ്ങിയ വൈറ്റ് പേപ്പര്‍ എന്നിവയാണ് മംഗലത്ത് സംവിധാനം ചെയ്ത സിനിമകള്‍.

നെടുമുടി വേണു, ഭീമ, ഉര്‍വശി, സായ്കുമാര്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് സകുടുംബത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വൈറ്റ് പേപ്പറില്‍ ജഗദീഷ്, സുരാജ്, നെടുമുടി വേണു, ലെന തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

സിനിമക്ക് പുറമേ സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. രാധാകൃഷ്ണന്‍ മംഗലത്തിന്റെ പ്രശസ്തമായ സീരിയലാണ് ഇന്ദുമുഖി ചന്ദ്രമതി. മഞ്ജു പിള്ള, മല്ലിക സുകുമാരന്‍ എന്നിവായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. കൂടാതെ ഓണം+ ഓണം തിരുവോണം, രാമായണം, കുങ്കുമച്ചാര്‍ത്ത് എന്നീ സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

content highlight: radhakrishnan mangalath about suraj venjaramood