ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെതിരെ വംശീയാധിക്ഷേപം-വീഡിയോ
World News
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെതിരെ വംശീയാധിക്ഷേപം-വീഡിയോ
ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 8:20 pm

സിഡ്‌നി: ഓസ്ട്രേലിയയില്‍ സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിഖുകാരനായ ഇന്ത്യന്‍ വംശജനെതിരെ വംശീയാധിക്ഷേപം. ഓസ്ട്രേലിയയിലെ പോര്‍ട്ട് അഗസ്റ്റ ഭാഗത്താണ് സംഭവം. ജോലിക്കായി ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് സണ്ണി സിംഗ്. ഏറെനാളായി ഓസ്ട്രേലിയയില്‍ ടാക്‌സി കമ്പനി നടത്തുന്ന സണ്ണി സിംഗ് അടുത്തിടെയാണ് പോര്‍ട്ട് അഗസ്റ്റ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രകോപിതനായാണ് ഓസ്ട്രേലിയക്കാരനായ ഒരു ട്രക്ക് ഡ്രൈവര്‍ സണ്ണിക്കെതിരെ അസഭ്യം പറഞ്ഞുകൊണ്ടും വംശീയധിക്ഷേപം നടത്തികൊണ്ടും ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

ഇയാളെ തനിക്കറിയില്ലെന്നും, ആദ്യമായാണ് ഇയാളെ താന്‍ കാണുന്നതെന്നും സണ്ണി സിംഗ് പറയുന്നു. തനിക്കു ആ വീഡിയോ കണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് സണ്ണി സിംഗ് പറഞ്ഞു. “എന്നെ അടുത്തറിയാവുന്നതോ, ഒരു തവണ എങ്കിലും എന്നെ പരിചയപെട്ടതോ ആയ ഒരാള്‍ക്കും ആ വീഡിയോ മുഴുവനായി കാണാനാകില്ല”.

Also Read:  ഖഷോഗ്ജിയുടെ മരണം രാഷ്ട്രീയ കൊലപാതകം; തെളിവുകളുമായി എര്‍ദോഗാന്‍

പോര്‍ട്ട് അഗസ്റ്റയില്‍ ഒരിക്കല്‍ പോലും തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം. സണ്ണി സിംഗ് കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണച്ചുകൊണ്ട് പോര്‍ട്ട് അഗസ്റ്റയിലെ നിരവധി പേര്‍ തനിക്ക് പിന്നിലായി അണിനിരന്നുവെന്നും സണ്ണി പറഞ്ഞു. ഫേസ്ബുക്കിലും മറ്റുമായി തനിക്ക് പിന്തുണ നല്‍കുന്നവര്‍ നിരവധിയാണ്.

“വീഡിയോ അങ്ങേയറ്റം അലോസരം ഉണ്ടാക്കുന്നതാണ്. ഇത് വ്യക്തമായ വംശീയാധിക്ഷേപം തന്നെയാണ്.” സൗത്ത് ഓസ്ട്രേലിയന്‍ അറ്റോര്‍ണി ജനറലായ വിക്കി ചാപ്മാന്‍ പറയുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയില്‍ അടങ്ങിയിട്ടുള്ള ഹിംസയും വെറുപ്പും തന്നെ ഞെട്ടിപ്പിച്ചുവെന്നു പോര്‍ട്ട് അഗസ്റ്റ മേയര്‍ സാം ജോണ്‍സന്‍ പറയുന്നു. “ഇന്നത്തെ സമൂഹത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുമോ?” മേയര്‍ ജോണ്‍സന്‍ ചോദിക്കുന്നു.

“മൊഗാസ്” എന്ന ഇന്ധനകമ്പനിക്ക് വേണ്ടി സര്‍വീസ് നടത്തുന്ന “ഗ്രാന്റ് മോറോണി ട്രക്കിങ്” എന്ന സ്ഥാപനത്തിലെ ഡ്രൈവറാണ് സണ്ണി സിംഗിനെ അപമാനിച്ചത്. സംഭവത്തെ തുടര്‍ന്ന് “മൊഗാസ്” ട്രക്ക് കമ്പനിയെ സര്‍വീസ് നടത്തുന്നതില്‍ നിന്നും വിലക്കി. “ഡ്രൈവറുടെ നടപടി വംശീയവും ക്രൂരവുമാണ്. ഇത് സമൂഹത്തെയും ട്രക്ക് വ്യവസായത്തെയും മോശമായാണ് ബാധിക്കുന്നത്.” “മൊഗാസി”ന്റെ ജനറല്‍ മാനേജര്‍ റിക്ക് കോണ്ടി പറഞ്ഞു.