'നിങ്ങള്‍ എല്ലാവരോടും കഥ പറഞ്ഞു, എന്നോട് പറയുന്നില്ലേ?' നയന്‍താര മൂക്കുത്തി അമ്മനിലെത്തിയതിനെക്കുറിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി
DMOVIES
'നിങ്ങള്‍ എല്ലാവരോടും കഥ പറഞ്ഞു, എന്നോട് പറയുന്നില്ലേ?' നയന്‍താര മൂക്കുത്തി അമ്മനിലെത്തിയതിനെക്കുറിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 11:14 pm

ചെന്നൈ: ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന മൂക്കുത്തി അമ്മന്റെ വിശേഷങ്ങള്‍ പങ്കു വെച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ആര്‍.ജെ ബാലാജി. ചിത്രത്തിനെ കഥ പറയാനായി നയന്‍താര ഇങ്ങോട്ട് തന്നെ വിളിക്കുകയായിരുന്നെന്നാണ് ആര്‍.ജെ ബാലാജി പറയുന്നത്. ചിത്രത്തിനായി അനുഷ്‌കയെയും നയന്‍താരയെയും ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും നയന്‍താര തന്റെ സുഹൃത്തായതിനാല്‍ അവരുടെ അടുത്ത് കഥപറയാന്‍ മടിയുണ്ടായിരുന്നെന്നും ആര്‍.ജെ ബാലാജി പറഞ്ഞു. പിന്നീടാണ് നയന്‍താര തന്നെ വിളിച്ചതെന്നും സംവിധായകന്‍ പറയുന്നു.

ഒപ്പം നയന്‍താര സൂപ്പര്‍സ്റ്റാറായത് അവരുടെ പ്രൊഫഷണലിസം കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു. ഫിലിം ക്രിട്ടിക്ക് രാജീവ് മസന്ദുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍. ജെ. ബാലാജി.

‘നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാനവരുമായി പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പക്ഷെ ഈ സിനിമയ്ക്കായി ഞാനാദ്യം അവരെ സമീപിച്ചിരുന്നില്ല. കാരണം എനിക്കവരുമായി നല്ലൊരു ബന്ധമുണ്ട്. അത് ഇല്ലാതാക്കാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല. പിന്നീടാണ് നയന്‍താരയില്‍ നിന്ന് എനിക്ക് കോള്‍ വന്നത്. നിങ്ങള്‍ ഒരുപാട് പേരോട് കഥ പറഞ്ഞു എന്നോട് പറഞ്ഞില്ലല്ലോ എന്നാണ് അവര്‍ ചോദിച്ചത്. തുടര്‍ന്ന് ഞാന്‍ അവരുടെ വീട്ടില്‍ പോയി കഥ പറഞ്ഞു. കഥ പകുതി പറഞ്ഞപ്പോള്‍ തന്നെ അവര്‍ എനിക്ക് കഥ ഇഷ്ടപ്പെട്ടെന്നും ഈ സിനിമയുടെ ഭാഗമാകാന്‍ സന്തോഷമാണെന്നും പറഞ്ഞു,’ ആര്‍.ജെ ബാലാജി പറഞ്ഞു.

ഒപ്പം സെറ്റിലെ നയന്‍താരയുടെ പ്രൊഫഷണലിസത്തെ പറ്റിയും ആര്‍.ജെ ബാലാജി പറഞ്ഞു.

‘ അവര്‍ ഒരു മികച്ച പ്രൊഫഷണലാണ്. പുരുഷന്‍മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി അവര്‍ അവരുടെ കരിയറിന്റെ ടോപ് ഓഫ് ദ ഗെയിമിലാണ്. കാരണം അവര്‍ ഒരു വലിയ പ്രൊഫഷണലും വളരെ ഡെഡിക്കേറ്റഡുമാണ്,’
‘ട്രെയിലറില്‍ കാണുന്ന അമ്മന്റെ കോസ്റ്റിയൂം മാറി മറ്റൊരു ഗെറ്റപ്പിലെത്താന്‍ വെറും 10 മിനുട്ട് മാത്രമാണ് അവര്‍ എടുക്കുക. അതാണ് അവരെ ഇപ്പോഴും നമ്പര്‍ വണ്‍ താരമായി നിലനിര്‍ത്തുന്നത്,’ ആര്‍.ജെ ബാലാജി പറഞ്ഞു. ആര്‍.ജെ ബാലാജി തന്നെയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഒപ്പം നടി ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight:  R.J Balaji about Nayanthara Mookkuthi amman