എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് പാര്‍ട്ടിക്ക് വിധേയനായാല്‍ മന്ത്രിയായി നിലനിര്‍ത്തും: ആര്‍. ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Saturday 9th March 2013 12:41pm

തിരുവനന്തപുരം: മുന്നണിയുമായി യോജിപ്പിന്റെ വഴിയില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

Ads By Google

ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകാന്‍ തയാറായാല്‍ അദ്ദേഹത്തെ മന്ത്രിയായി നിലനിര്‍ത്തുമെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മന്ത്രിയെ പാര്‍ട്ടി നിയോഗിച്ചാല്‍ പാര്‍ട്ടി തന്നെ അവരെ പിന്‍വലിക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കാതെയും പാര്‍ട്ടിയെ അവഗണിച്ചും മുന്നോട്ട് പോയാല്‍ അവരെ പിന്‍വലിക്കുക തന്നെ ചെയ്യും.

പകരം മന്ത്രിയെ തരാതെ നിലവിലുള്ള മന്ത്രിയെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ അധികാരത്തില്‍ കയറിയ മന്ത്രിക്ക് എന്തും ചെയ്യാം എന്ന സ്ഥിതി വിശേഷം വരില്ലേ.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയെ പിന്‍വലിച്ച നിരവധി സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും നടന്നിട്ടുണ്ട്. മന്ത്രിയാകുന്നതോടെ പാര്‍ട്ടിയുമായുള്ള പൊക്കിള്‍കൊടി ബന്ധം ഇല്ലാതാകുമെന്ന ഒരു പുതിയ സിദ്ധാന്തമാണ് ഐക്യ ജനാധിപത്യമുന്നണി കാണിച്ചത്.

പാര്‍ട്ടിക്ക് ഒരൊറ്റ തീരുമാനമേ ഉള്ളൂ. മറ്റു മന്ത്രിമാര്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നത് പോലെ ഞങ്ങളുടെ മന്ത്രിയും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം. ആ ഒരു ഡിമാന്റ് മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അതില്‍ എല്ലാമുണ്ടെന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും.

യു.ഡി.എഫിന്റെ കെട്ടുറപ്പിനേയും നിലനില്‍പിനെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. നിലവിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി പാര്‍ട്ടിക്ക് വിധേയനാകുമെന്ന് കരുതുന്നു.

മഞ്ഞുരുകുന്നതിന്റെ ലക്ഷണം ചിലയിടത്തൊക്കെ കാണുന്നുണ്ട്. മഞ്ഞുരുകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തല്‍ക്കാലം യോജിപ്പിന്റെ വഴി അടയ്‌ക്കേണ്ടെന്നാണ് തീരുമാനം. അടുത്ത യു.ഡി.എഫ് യോഗം നടക്കുന്ന രണ്ടാം തീയതി വരെ ഇതിനായി കാത്തിരിക്കും. സത്യസന്ധതയോടെ പാര്‍ട്ടിക്ക് വിധേയനായി അദ്ദേഹം പ്രവര്‍ത്തിക്കണം.

എന്ന് കരുതി ആര് എന്ത് പറയുന്നതും അനുസരിക്കണമെന്നല്ല. നല്ലതാണെങ്കില്‍ സ്വീകരിക്കുകയും തെറ്റാണെങ്കില്‍ തള്ളിക്കളയുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ പിന്‍വലിക്കണമെന്ന പാര്‍ട്ടി ആവശ്യം നീട്ടിക്കൊണ്ടുപോയ യു.ഡി.എഫ് നിലപാടിനെ ആര്‍. ബാലകൃഷ്ണപിളള വിമര്‍ശിക്കുകയും ചെയ്തു.

പാര്‍ട്ടിക്കാരെ അവഹേളിക്കുകയും അപമാനിക്കുകയും പാര്‍ട്ടിയെ ധിക്കരിക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മന്ത്രിയെന്ന നിലയില്‍ ഗണേഷുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

പാര്‍ട്ടിയാണ് തനിക്ക് എല്ലാത്തിനേക്കാളും വലുത്. അവിടെ മകന്‍ അച്ഛന്‍ എന്ന ബന്ധത്തിന് സ്ഥാനമില്ല. കഴിഞ്ഞ 22 മാസമായി പാര്‍ട്ടിയെ അപമാനിക്കുന്ന പ്രവര്‍ത്തനമാണ് ഗണേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

ഗണേഷിനെതിരായ പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിന് പി.സി ജോര്‍ജ് പറഞ്ഞ കാര്യങ്ങളില്‍ സത്യവും കളവും കാണുമെന്നും എന്നാല്‍ വീട്ടുകാര്യം എന്ന നിലയില്‍ തനിക്ക് അത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ പ്രതികരണം.

പി.സി ജോര്‍ജ് ഒരു സത്യം പറഞ്ഞാല്‍ അത് കളവാണെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണേഷുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച വികാരപരമായിരുന്നോ എന്ന ചോദ്യത്തിന് തന്റെ കണ്ണു നിറഞ്ഞില്ലെന്നായിരുന്നു പിള്ളയുടെ മറുപടി.

Advertisement