Administrator
Administrator
പിള്ളക്കെന്താ കൊമ്പുണ്ടോ….?
Administrator
Wednesday 7th September 2011 9:29am

നിങ്ങള്‍ക്ക് ഏത് നിയമവും ലംഘിക്കാം, മറ്റുള്ളവരെ ദ്രോഹിക്കാം, പൊതുഖജനാവില്‍ കൈയ്യിട്ടു വാരാം, ആര്‍ക്കും എന്തും ചെയ്യാം-നിങ്ങള്‍ ഈ രാജ്യത്തെ ഏതെങ്കിലും മൂന്നാംകിട രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാവോ നേതാവിന്റെ ബന്ധുവോ ആണെങ്കില്‍. 2ജി സ്‌പെക്ട്രവും കര്‍ണ്ണാടകയും ഗുജ്‌റാത്തും എല്ലാം അവിടെ നില്‍ക്കട്ടെ, കേരളത്തിലെ നടപ്പു രാഷ്ട്രീയത്തെ മാത്രം വിശകലനം ചെയ്താല്‍ ഇത് വ്യക്തമാകും.

കേരളത്തിലെ ചില പഴയ മാടമ്പിമാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൗകര്യം നോക്കണേ. 1985ല്‍ 2 കോടിയുടെ അഴിമതി നടത്തി. 20 കൊല്ലം കേസ് നടന്നു. കിട്ടിയത് 1 വര്‍ഷം കഠിന തടവും പതിനായിരം ഉലുവ പിഴയും (‘പാരമ്പര്യമായി’ കിട്ടിയ അറ്റമില്ലാത്ത സ്വത്തുള്ളതിനാല്‍ പിഴ കോടതിക്കുള്ള ടിപ്‌സ് ആയി തോന്നുന്നു). കരഞ്ഞ് കൈകാലിട്ടടിച്ച് മൂക്ക് ചീറ്റി പൂജപ്പുരയില്‍ കയറിയ പിള്ള ജയിലില്‍ എ ക്ലാസ്സ് സൗകര്യം കിട്ടിയിട്ടും പിറ്റേന്ന് മുതല്‍ പിള്ളാരെപ്പോലെ വീട്ടില്‍ പോകണമെന്ന് ശാഠ്യം പിടിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റുകാരെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ട്, കോടിയേരി പിള്ളയ്ക്ക് പരോള്‍ നിഷേധിച്ചു. ഇതിനെക്കാളും നല്ലത് പുള്ളിയെ പിള്ളവീട്ടില്‍ തന്നെ പാര്‍പ്പിക്കുകയായിരുന്നു.

തഥവസരത്തില്‍ വന്ന തിരഞെടുപ്പില്‍ പിള്ള മത്സരിക്കുമെന്നും ഇല്ലെന്നും ശ്രുതി പരന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പേരും ഇട്ടു. പരോള്‍ ഇല്ലായെന്നും ത്സരിച്ചാല്‍ തോല്‍ക്കുമെന്നും കട്ടായം പറഞ്ഞ് ചാണ്ടിയും ചെന്നിത്തലയും വിരട്ടിയപ്പോള്‍ പിള്ള പിന്മാറി. വോട്ട് ചെയ്യാനാകാത്തതിനാല്‍ ജയിലില്‍ പിള്ള ഉണ്ണാതിരുന്നു. ഭരണം മാറിയപ്പോഴേക്കും പിള്ളയ്ക്ക് പരോള്‍ കൊടുക്കാതിരുന്ന ഡി. ജി. പിയെ ചാണ്ടി കഴുത്തിന് പിടിച്ച് പുറത്തിട്ടു. ഉപാധികളില്ലാതെ പരോളും കൊടുത്തു. പുതിയ മന്ത്രിസഭയില്‍ മൂലക്ക് ഇരുത്തിയിരുന്ന സീമന്ത പുത്രന് പുറത്തിറങ്ങിയ പിള്ള ടൂറിസത്തിന് പകരം വനവും പരിസ്ഥിതിയും മേടിച്ചു കൊടുത്തു. കാലാവാധി തീരാനായപ്പോള്‍ പരോള്‍ നീട്ടിക്കൊടുത്തു. ജയിലില്‍ തിരിച്ചെത്തിയ പിള്ള പിന്നെ പുറത്തിറങ്ങിയും അകത്തു കയറിയും വട്ടം ചുറ്റിക്കളിച്ചു. തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഇത്രയും വകുപ്പുകളുണ്ടോ എന്ന് ജയിലിലെ മറ്റു പാവം പുള്ളികള്‍ ചോദിക്കാന്‍ തുടങ്ങി. പ്രതിപക്ഷം മുറുമുറുപ്പ് തുടങ്ങി. അപ്പോഴാണ് പിള്ളയ്ക്ക് അപൂര്‍വ്വ രോഗം പിടിപെട്ടതായി വാര്‍ത്തകള്‍ വന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് കണ്ട് വരുന്ന രോഗം ജയില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കണ്ടെത്തിയതത്രെ! ഉടന്‍ സര്‍ക്കാര്‍ പിള്ളയ്ക്ക് സ്വാകാര്യ ചികിത്സ അനുവദിച്ച് കൊണ്ട് പരോള്‍ നല്‍കി. പിള്ളയാണേല്‍ പരോള്‍ ശിക്ഷാകാലമായി പരിഗണിക്കണമെന്ന് അപേക്ഷിച്ച് ഫൈവ് സ്റ്റാര്‍ സൗകര്യത്തില്‍ കിംസില്‍ പോയി കിടന്നു. ഒരു വര്‍ഷം അനുവദിക്കാവുന്നതിലുമധികം പരോള്‍ ലഭിച്ചതിനാല്‍ പിള്ളയുടെ ശിക്ഷാകാലാവധി നീട്ടണമെന്ന ജയില്‍ നിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം. അല്ല സാറേ, പിള്ളക്കെന്താ കൊമ്പുണ്ടോ…?

കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ച ജയില്‍ നിയമപ്രകാരമുള്ള എല്ലാ തരത്തിലുള്ള പരോളുകളും ഇളവുകളും അവധിയും ചേര്‍ത്ത് ശിക്ഷാ കാലാവധിയുടെ മൂന്നിലൊന്ന് കവിയാന്‍ പാടില്ല. ഈ നിയമപ്രകാരമാണെങ്കില്‍ പിള്ളയ്ക്ക് ഇതുവരെ ലഭിച്ച 75 ദിവസത്തെ പരോള്‍ കഴിച്ചുള്ള 45 ദിവസം മാത്രമേ ഇളവായി ഇനി ലഭിക്കൂ. അങ്ങിനെയെങ്കില്‍ ഒക്ടോബര്‍ 17ന് പൂര്‍ത്തിയാകുമെന്ന് കരുതിയ പിള്ളയുടെ ശിക്ഷ നിയമ പരിഷ്‌കരണമുണ്ടായില്ലെങ്കില്‍ ജനുവരി 2ന് മാത്രമെ തീരൂ.

പണ്ട് മുതല്‍ക്കേ ആര്‍. ബാലകൃഷ്ണപിള്ളയുടെ ജീവിതം വിവാദങ്ങളാല്‍ നിറഞ്ഞതാണ്. ഒരു ജീവിതത്തില്‍ ഇത്രയും അനുഭവിക്കാനും വേണം ഭാഗ്യം.

Advertisement