തമിഴില്‍ ചോദ്യം ചോദിച്ച് എം.പി, എങ്കില്‍ ഹിന്ദിയിലേ മറുപടി പറയൂ എന്ന് പിയൂഷ് ഗോയല്‍; ഭാഷയിലൂന്നി ലോക്‌സഭയില്‍ വീണ്ടും വാക്കുതര്‍ക്കം
India
തമിഴില്‍ ചോദ്യം ചോദിച്ച് എം.പി, എങ്കില്‍ ഹിന്ദിയിലേ മറുപടി പറയൂ എന്ന് പിയൂഷ് ഗോയല്‍; ഭാഷയിലൂന്നി ലോക്‌സഭയില്‍ വീണ്ടും വാക്കുതര്‍ക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 11:11 am

ന്യൂദല്‍ഹി: ഭാഷയിലൂന്നി ലോക്‌സഭയില്‍ വീണ്ടും വാക്കുതര്‍ക്കം. തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗം തമിഴില്‍ ചോദ്യം ചോദിച്ചതാണ് ട്രഷറി ബെഞ്ചിനെ ചൊടിപ്പിച്ചത്.

ചോദ്യവേളയില്‍ ഡി.എം.കെ അംഗം എ. ഗണേശമൂര്‍ത്തി എഫ്.ഡി.ഐ ഇന്‍ഫ്‌ളോയെ കുറിച്ചുള്ള അനുബന്ധചോദ്യം തമിഴില്‍ ചോദിക്കുകയായിരുന്നു. മറുപടി പറഞ്ഞ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തമിഴില്‍ പറഞ്ഞ ആദ്യഭാഗം താന്‍ കേട്ടില്ലെന്നും ഏത് പ്രോജക്ടിനെ കുറിച്ചാണ് ഗണേശമൂര്‍ത്തിക്ക് അറിയേണ്ടതെന്നും ചോദിച്ചു.

ഒരു അംഗം ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ചാല്‍ മന്ത്രി ഇംഗ്ലീഷില്‍ ഉത്തരം പറയും. എന്നാല്‍ തമിഴില്‍ ചോദിച്ചാല്‍ ഹിന്ദിയിലും ഉത്തരം പറയും എന്ന് ഗണേശമൂര്‍ത്തി പറഞ്ഞു. ഇതിനു മറുപടിയായി വിവര്‍ത്തനം ലഭ്യമായതിനാല്‍ താന്‍ ഹിന്ദിയില്‍ മാത്രമേ മറുപടി നല്‍കുകയുള്ളൂ എന്നാണ് പിയൂഷ് ഗോയല്‍ പറഞ്ഞത്.

തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ല ചോദ്യം വീണ്ടും ആവര്‍ത്തിക്കാന്‍ ഗണേശമൂര്‍ത്തിയോട് ആവശ്യപ്പെട്ടു. ഗണേശ മൂര്‍ത്തി ചോദ്യം വീണ്ടും തമിഴില്‍ തന്നെ ആവര്‍ത്തിച്ചു. പ്രകോപിതനായ ഗോയല്‍ ഏതെങ്കിലും ഒരു ഭാഷയില്‍ ചോദിച്ച ചോദ്യത്തിന് മറുപടി അതേ ഭാഷയില്‍ തന്നെ നല്‍കണമെന്ന് റൂളിംഗുണ്ടോ എന്ന് സിപീക്കറോട് അന്വേഷിച്ചു. വിവര്‍ത്തനം കേട്ടിട്ട് താന്‍ ഹിന്ദിയില്‍ മാത്രമേ മറുപടി പറയൂ എന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

വിഷയം വഷളായതോടെ ഓം ബിര്‍ല ഹെഡ്‌ഫോണ്‍ ധരിച്ച് വിവര്‍ത്തനം കേള്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു. സാധാരണ ഹിന്ദിയില്‍ സംസാരിക്കാറുള്ള ബിര്‍ല ഇംഗ്ലിലീഷിലാണ് ഇക്കാര്യം അംഗങ്ങളോട് ആവശ്യപ്പെട്ടത്.

ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കുമ്പോഴും ഹിന്ദിയിലാണ് മന്ത്രിമാര്‍ ഉത്തരം പറയാറുള്ളതെന്ന കാര്യം ഉന്നയിച്ചു. അടുത്തിടെ ഈ രീതിയോട് പ്രതിപക്ഷ അംഗങ്ങള്‍ പ്രത്യേകിച്ചു ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

അടുത്ത ചേദ്യത്തിനുള്ള സമയമായപ്പോഴും തമിഴില്‍ തന്നെ താന്‍ ചോദ്യം ചോദിക്കുമെന്ന് ഗണേശമൂര്‍ത്തി ആവര്‍ത്തിച്ചു. ഗോയല്‍ ഹിന്ദിയില്‍ മറുപടി പറയുകയും ചെയ്തു.

അടുത്തിടെ ഭാഷാ വിഷയത്തില്‍ ശശി തരൂരും ജ്യോതിരാദിത്യ സിന്ധ്യയും ഏറ്റുമുട്ടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിയുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ഹിന്ദിയിലാണ് മറുപടി നല്‍കിയത്.

എന്നാല്‍ മന്ത്രി ഹിന്ദിയില്‍ മറുപടി പറയുന്നത് അപമാനമാണെന്നായിരുന്നു തരൂര്‍ പറഞ്ഞത്. തരൂരിന്റെ അഭിപ്രായം വിചിത്രമെന്നാണ് സിന്ധ്യ വിശേഷിപ്പിച്ചത്. സ്പീക്കറും ഹിന്ദിയില്‍ മറുപടി പറയുന്നത് അപമാനമല്ലെന്നാണ് അന്ന് പറഞ്ഞത്.


Content Highlight: question-in-tamil-reply-in-hindi-leads-to-heated-exchanges-in-lok-sabha