ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യും; ഗോത്രവര്‍ഗത്തിനെതിരായ അധിക്ഷേപം വര്‍ധിക്കുന്നുവെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി
World News
ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യും; ഗോത്രവര്‍ഗത്തിനെതിരായ അധിക്ഷേപം വര്‍ധിക്കുന്നുവെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th October 2021, 9:18 am

ദോഹ: ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിര്‍മാണത്തില്‍ മാറ്റം വരുത്തുമെന്നും എല്ലാവര്‍ക്കും ‘തുല്യ പൗരത്വം’ ഉറപ്പുവരുത്തുമെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി.

ഒക്ടോബര്‍ രണ്ടിന് രാജ്യത്ത് നടന്ന ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ ചില ഗോത്രവിഭാഗങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് പൗരത്വനിയമം ഭേദഗതി ചെയ്യുന്ന തീരുമാനത്തിലേക്ക് അമീറിനെ നയിച്ചത്. രാജ്യത്ത് ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ അധിക്ഷേപം വര്‍ധിച്ച് വരികയാണെന്നും ഇത് ഖത്തറിന്റെ ഐക്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും അമീര്‍ പറഞ്ഞു.

ഗോത്രവിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ഒരു രോഗമാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടന്ന ശൂറാ കൗണ്‍സിലിന്റെ ആദ്യസമ്മേളനത്തില്‍ വെച്ചായിരുന്നു അമീറിന്റെ പ്രസ്താവന.

കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായിരുന്നു ഒക്ടോബര്‍ രണ്ടിന് നടന്നത്. രാജ്യത്തെ പ്രമുഖ ഗോത്രവിഭാഗത്തിലൊന്നായ അല്‍-മുറാഹ് ഗോത്രത്തില്‍പെട്ട ആളുകള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിച്ചിരുന്നില്ല. 1930ന് മുന്‍പ് ഖത്തറിലുള്ള കുടുബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രം വോട്ടവകാശം ലഭിക്കുന്ന തരത്തിലുള്ള നിലവിലുള്ള നിയമമാണ് ഇതിന് കാരണം.

രാജ്യവ്യാപകമായി ഗോത്രവികാരം വ്രണപ്പെടുന്നതിലേക്കും, വലിയ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചിരുന്നു.

ഈ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് ഇപ്പോള്‍ ഖത്തര്‍ അമീര്‍ അറിയിച്ചിരിക്കുന്നത്. പൗരത്വം കേവലം നിയമപ്രശ്‌നമല്ലെന്നും അവകാശത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും പ്രശ്‌നമാണെന്ന് പറഞ്ഞ അമീര്‍, തുല്യ പൗരത്വം ലക്ഷ്യമിട്ടുള്ള നിയമഭേദഗതി തയ്യാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തിന് അയയ്ക്കുമെന്നും അതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.

അടുത്ത വര്‍ഷം ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കെ ഈ തീരുമാനം രാജ്യത്തിന്റെ തുറന്ന നയങ്ങളുടേയും സഹിഷ്ണുതയുടേയും, ഖത്തര്‍ ജനതയുടെ ഉദാരതയുടേയും അടയാളമായി ലോകം കാണുമെന്നും ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി പ്രത്യാശ പ്രകടിപ്പിച്ചു.

28 ലക്ഷത്തോളമാണ് ഖത്തറിലെ ജനസംഖ്യ. ഇതില്‍ ഭൂരിഭാഗവും വിദേശികളായതുകൊണ്ട് തന്നെ വോട്ടവകാശമില്ലാത്തവരാണ്. മൊത്തം ജനസംഖ്യയില്‍ ഏകദേശം 3,33,000 പേരാണ് ഖത്തര്‍ പൗരന്മാര്‍.

45 അംഗങ്ങളുള്ള ശൂറാ കൗണ്‍സിലില്‍ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളെയാണ് തെരഞ്ഞെടുപ്പ് വഴി തെരഞ്ഞെടുക്കുക. ബാക്കിയുള്ളവരെ അമീര്‍ നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Qatar Emir says, will amend citizenship law, promise equal citizenship, slams tribalism