എഡിറ്റര്‍
എഡിറ്റര്‍
വിദേശതൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ ബില്ലിന് അനുമതി നല്‍കി ഖത്തര്‍ ഭരണകൂടം
എഡിറ്റര്‍
Friday 27th October 2017 10:47am

ഖത്തര്‍: രണ്ട് മില്യണോളം വരുന്ന വിദേശ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാനുള്ള കരട് ബില്ലിന് ഖത്തര്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പൂര്‍ണമായും നല്‍കുകയെന്നതാണ് ഇതില്‍ പ്രധാനമെന്നും ഖത്തല്‍ തൊഴില്‍ മന്ത്രി ഇസാ അല്‍ നുവാമി പറഞ്ഞു.

പുതിയ ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് ഭരണകൂടം അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് എന്നാണ് ബില്ലിന്റെ പേര്. വിദേശതൊഴിലാളികള്‍ക്ക് ജീവിതചെലവിന് ഉതകുന്ന തരത്തില്‍ മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും പ്രധാനപരിഗണന നല്‍കുമെന്നും മന്ത്രാലയം പറയുന്നു.


Dont Miss ഗുജറാത്തിലെ പട്ടേല്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കില്ല; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍


തൊഴിലാളികള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതുള്‍പ്പെടെ വിദേശരാജ്യങ്ങളുമായി 36 ഉഭയകക്ഷി കരാറുകളിലാണ് ഖത്തര്‍ ഒപ്പിട്ടിരിക്കുന്നത്. ഖത്തറില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ള രാജ്യങ്ങളുമായിട്ടാണ് ഈ കരാറുകള്‍.

ഖത്തറിലെ തൊഴില്‍ മന്ത്രിയും ഖത്തറിലെ നയതന്ത്ര തലവന്‍മാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തൊഴിലാളികള്‍ക്ക് ജോലി സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയും അവര്‍ക്ക് നിയമപരിരക്ഷ അനുവദിക്കുകയും ചെയ്യും.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങളും പരിരക്ഷയും ഖത്തര്‍ ഒരുക്കുന്നില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ ബില്ലിന് രൂപം നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചത്. മന്ത്രിസഭ നേരിട്ടാണ് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തും.

2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിദേശതൊഴിലാളികളാണ് ഖത്തറില്‍ ജോലി ചെയ്യുന്നത്. ലോകകപ്പിനായുള്ള വേദികളുടേയും സ്റ്റേഡിയങ്ങളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഖത്തറില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ഖത്തറിന്റെ പുതിയ നീക്കത്തെ ബെല്‍ജിയം കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (ഐ.ടി.യു.സി) സ്വാഗതം ചെയ്തു.

കുടിയേറ്റത്തൊഴിലാളികള്‍ക്ക് വ്യാവസായിക സംരക്ഷണം നല്‍കാനുള്ള വ്യക്തമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണെന്നും ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഖത്തര്‍ പുതിയ തൊഴില്‍ നിയമം തന്നെ രാജ്യത്ത് കൊണ്ടുവന്നിരുന്നു. തൊഴില്‍ മാറാനും രാജ്യം വിടാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്ന സര്‍ക്കാരിന്റെ പുതിയ നിയമം.

Advertisement