'വിമര്‍ശിക്കാം, ഇത്രയും തരം താഴരുത്'; ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച ട്വന്റി-20യുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പി.വി. ശ്രീനിജിന്‍
Kerala News
'വിമര്‍ശിക്കാം, ഇത്രയും തരം താഴരുത്'; ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച ട്വന്റി-20യുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പി.വി. ശ്രീനിജിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 5:44 pm

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങുന്നവരെ അധിക്ഷേപിച്ച ട്വന്റി-20 ക്കെതിരെ പി.വി. ശ്രീനിജിന്‍ എം.എല്‍.എ. ഓണക്കിറ്റ് വാങ്ങുന്നവര്‍ പട്ടികളാണ് എന്ന തരത്തിലുള്ള കിഴക്കമ്പലം ട്വന്റി-20 ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പി.വി. ശ്രീനിജിന്‍ രംഗത്തെത്തിയിരിക്കുന്നത്.

വിമര്‍ശിക്കാം, പക്ഷെ ഇത്രയും തരം താഴരുതെന്നാണ് ട്വന്റി-20ക്കെതിരെ ശ്രീനിജിന്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാള്‍ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്നുകരുതിയാണ് സര്‍ക്കാര്‍ ഓണക്കിറ്റ് കൊടുക്കുന്നത്. ഓണക്കിറ്റിനെ വിമര്‍ശിച്ച് പ്രാദേശിക പഞ്ചായത്ത് പാര്‍ട്ടി അവരുടെ ഒഫീഷ്യല്‍ പേജില്‍ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നുവെന്നും ശ്രീനിജിന്‍ പറഞ്ഞു.

ഇതാണ് മുതലാളി പാര്‍ട്ടിയുടെ ജനാധിപത്യബോധം. വിമര്‍ശിക്കാം, പക്ഷെ ഇത്രയും തരം താഴരുതെന്നും ശ്രീനിജിന്‍ കൂട്ടിച്ചേര്‍ത്തു.

‘മഹത്തായ ഈ വചനം സത്യമല്ലേ, പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. പട്ടിക്ക് അറിയില്ല, അത് സ്വന്തം വാലാണെന്ന്. ഓണകിറ്റ്.’ എന്നാണ് ട്വന്റി-20 ഫേസ്ബുക്ക് പേജിലെ പോസ്റ്റ്.

ട്വന്റി-20 പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘സര്‍ക്കാര്‍ കൊടുക്കുന്ന കിറ്റ് വേണ്ടാ… പകരം സാബുച്ചായന്റെ വീട് വരെ മുട്ടിലിഴഞ്ഞു പുള്ളി തരുന്ന കിറ്റ് വാങ്ങി വീട്ടില്‍ പോയി കഞ്ഞികുടിക്കാം’

‘ഈ പട്ടികള്‍ എന്നുപയോഗിച്ചത് നിങ്ങള്‍ അടക്കമുള്ള ജനത ഉണ്ടെന്ന് ഓര്‍ക്കണം. ഈ കിറ്റ് ഒരു പാര്‍ട്ടിക്കാര്‍ക്കും കൊടുക്കുന്നതല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉള്ളതാണ്’

‘അതുകൊണ്ട് ഈ ഓണക്കിറ്റ് ഞങ്ങള്‍ അങ്ങ് ബഹിഷ്‌കരിക്കുന്നു എന്ന് ധൈര്യപൂര്‍വ്വം പറയാന്‍ അണികളോട് പറയണം മൊയലാളി’ തുടങ്ങിയ കമന്റുകളാണ് ട്വന്റി-20ക്കെതിരെ വന്നത്.

അതേസമയം, ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്തംബര്‍ 4, 5, 6, 7 തീയതികളില്‍ വാങ്ങാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകള്‍ക്കും തുടക്കമായി. തിരുവനന്തപുരത്തെ മെട്രോ ഫെയര്‍ ഓഗസ്റ്റ് 26നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മെട്രോ ഫെയറുകള്‍ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയര്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനിലും നിര്‍വഹിച്ചു. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്ഘാടനം നിര്‍വഹിച്ചു. മില്‍മ, മീറ്റ് പ്രഡക്ട്‌സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അനില്‍ അറിയിച്ചു.

Content Highlight: PV Sreenijin MLA’s Reaction About Twenty-20 Facebook Post against Onam Kit