ദുല്‍ഖറാണ് മലയാളത്തിലെ ഇഷ്ട നടന്‍; തുറന്ന് പറഞ്ഞ് പി.വി. സിന്ധു
Movie Day
ദുല്‍ഖറാണ് മലയാളത്തിലെ ഇഷ്ട നടന്‍; തുറന്ന് പറഞ്ഞ് പി.വി. സിന്ധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd August 2021, 5:09 pm

കൊച്ചി: രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്. ഈയവസരത്തില്‍ മുമ്പ് കേരളത്തില്‍ എത്തിയപ്പോഴുള്ള സിന്ധുവിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തില്‍ താന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം കണ്ടിട്ടുണ്ടെന്നും നടന്‍മാരില്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഇഷ്ട നടനെന്നും സിന്ധു പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്ധു മനസ്സുതുറന്നത്.

‘ ബാംഗ്ലൂര്‍ ഡെയ്‌സ് ഞാന്‍ കണ്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ തന്നെ ഓകെ കണ്‍മണി എന്ന ചിത്രവും കണ്ടിട്ടുണ്ട്,’ പി.വി. സിന്ധു പറഞ്ഞു.

ടോകിയോ ഒളിമ്പിക്സില്‍ സിന്ധുവിന് വെങ്കല മെഡല്‍ ലഭിച്ചിരിക്കുകയാണ്. ചൈനീസ് താരമായ ഹീ ബിന്‍ജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.

തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലാണ് സിന്ധു മെഡല്‍ നേടുന്നത്. ഇതോടെ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി സിന്ധു. കഴിഞ്ഞ റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.

ടോകിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വെയ്റ്റ്ലിഫ്റ്റിങില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായി ചനു വെള്ളി സ്വന്തമാക്കിയിരുന്നു.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോടായിരുന്നു സിന്ധു പരാജയപ്പെട്ടാണ്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ തോല്‍വി. ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധു സെമിയില്‍ കടന്നിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: PV Sindhu Says Dulquer Salman Is Her Favourite Actor