എഡിറ്റര്‍
എഡിറ്റര്‍
പഞ്ചായത്തിന്റെ വാദം പൊളിയുന്നു; പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് അനുമതി നല്‍കിയത് പഞ്ചായത്ത് ഉപസമിതി
എഡിറ്റര്‍
Saturday 19th August 2017 8:38am

കോഴിക്കോട്: പി.വി അന്‍വറിന്റെ പാര്‍ക്കിന് പഞ്ചായത്തിനെ തള്ളി സെക്രട്ടറിയാണ് പാര്‍ക്കിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയതെന്ന യു.ഡി.എഫ് ഭരണസമിതിയുടെ വാദം പൊളിയുന്നു. പാര്‍ക്കിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയത് കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി തന്നെയാണെന്ന് തെളിവുകള്‍.

കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പാര്‍ക്കിന് അനുമതി രേഖകള്‍ ഉണ്ടെന്നും ഇത് നാടിന്റെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുന്ന വികസനമാണെന്നും ഉപസമതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. മതിയായ രേഖകള്‍ ഇല്ലാതെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിന് പിഴ ഈടാക്കാന്‍ ശുപാര്‍ശ നല്‍കിയ ഉപസമിതി പക്ഷെ പാര്‍ക്കിന് അനുമതി നല്‍കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്. ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെയും അനുമതിയും പാര്‍ക്കിനുണ്ടെന്നും റിപ്പോര്‍ട്ടില്‍  പറയുന്നുണ്ട്.


Also Read ചികിത്സകിട്ടാതെ മുരുകന്റെ മരണം: ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ മൊഴി


പാര്‍ക്കിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ മാസം പതിനൊന്നാം തിയ്യതിയാണ് പഞ്ചായത്ത് ഉപസമിതി
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചത്. മലിനികരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയ വിവരം അറിയിച്ചാല്‍ പാര്‍ക്കിന് നോട്ടീസ് അയക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.

ഉപസമിതി റിപ്പോര്‍ട്ട് ലംഘിച്ച് സെക്രട്ടറി അനുമതി നല്‍കിയെന്ന ആരോപണം ഇതോടെ പൊളിയുകയാണ്, കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും പ്രാദേശികനേതാക്കളുടെ അറിവോടെയാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്ന് തെളിഞ്ഞത് പ്രാദേശിക നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തും.

Advertisement