മിക്കവാറും മമ്മൂക്ക പടം കാണുമ്പോള്‍ ആ സീന്‍ എവിടെ എന്ന് ചോദിക്കും: മമ്മൂക്കയെ പിടിച്ചുനിര്‍ത്തി ചെയ്യിച്ച സീന്‍ കട്ട് ചെയ്യേണ്ടി വന്നു: റത്തീന
Movie Day
മിക്കവാറും മമ്മൂക്ക പടം കാണുമ്പോള്‍ ആ സീന്‍ എവിടെ എന്ന് ചോദിക്കും: മമ്മൂക്കയെ പിടിച്ചുനിര്‍ത്തി ചെയ്യിച്ച സീന്‍ കട്ട് ചെയ്യേണ്ടി വന്നു: റത്തീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th May 2022, 4:57 pm

മമ്മൂട്ടിയുടെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തുന്ന ചിത്രമാണ് റത്തീനയുടെ സംവിധാനത്തിലൊരുങ്ങുന്ന പുഴു. നെഗറ്റീവ് ഷേഡിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചന. പാര്‍വതി-മമ്മൂട്ടി കോമ്പോ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെയ് 13 ന് സോണി ലിവിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

ചിത്രത്തെ കുറിച്ചും ഏറെ ആഗ്രഹിച്ചെടുത്ത് കട്ട് ചെയ്യേണ്ടി വന്ന ചില രംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റത്തീന. എഫ്.ടി.ക്യൂ വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ഏതെങ്കിലും സീനുകള്‍ എഡിറ്റിങ്ങില്‍ കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇവര്‍ രണ്ടുപേരും ഒരുമിക്കുന്ന രംഗങ്ങള്‍ തനിക്ക് കട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നും എങ്കിലും ആഗ്രഹിച്ചെടുത്ത ചില സീനുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു റത്തീനയുടെ മറുപടി.

‘എഡിറ്റിങ്ങില്‍ ഇവരുടെ കോമ്പിനേഷന്‍ കട്ട് ചെയ്യേണ്ടി വന്നിട്ടില്ല. ചില സാധനങ്ങള്‍ ഉണ്ട്, ഞാന്‍ ആഗ്രഹിച്ച് എടുത്തത്. പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ ഇത് ഇങ്ങനെ തന്നെ വേണമെന്ന് ആഗ്രഹിച്ച് അതിന് വേണ്ടി പ്രത്യേക എക്വിപ്‌മെന്റൊക്കെ എത്തിച്ച് എടുത്ത സീനുകളാണ്. എന്നിട്ട് അത് എഡിറ്റിങ്ങില്‍ കട്ട് ചെയ്യേണ്ടി വന്നപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

മമ്മൂക്കയെ കുറേ സമയം പിടിച്ച് നിര്‍ത്തി ചെയ്യിച്ച സാധനങ്ങളൊക്കെയുണ്ട്. അതൊക്കെ കട്ട് ചെയ്യുമ്പോള്‍ വിഷമം തോന്നും. മിക്കവാറും മമ്മൂക്ക പടം കാണുമ്പോള്‍ അതെവിടെ എന്ന് ചോദിക്കും(ചിരി).

ഏകദേശം ആറ് മണി മുതല്‍ 9 മണി വരെ അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത കാര്യങ്ങളൊക്കെ കട്ട് ചെയ്യുമ്പോള്‍ ഞാന്‍ അയ്യോ എന്ന് വിചാരിക്കും. അതുപോലെ തന്നെ ഇഷ്ടപ്പെട്ട ചില എക്‌സ്പ്രഷന്‍സ് ഒക്കെ ഉണ്ടാകും. ചിലപ്പോള്‍ വെറുതെ ഇരിക്കുന്നതായിരിക്കും. അത് അത്രയും ഇഷ്ടപ്പെട്ട് എടുത്തതായിരിക്കും പക്ഷേ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്.

അതുപോലെ തന്നെ ഷൂട്ട് ചെയ്തപ്പോള്‍ എനിക്കത്ര ഇഷ്ടപ്പെടാത്തത് എഡിറ്റിങ്ങില്‍ കണ്ടപ്പോള്‍ മികച്ചതായി തോന്നിയിട്ടുണ്ട്. അതൊക്കെ കയറിവന്നിട്ടുണ്ട്, റത്തീന പറഞ്ഞു.

മമ്മൂക്ക ഈ ചിത്രത്തിന്റെ ഭാഗമാകാമെന്ന് പറയുന്നത് എപ്പോഴാണെന്ന ചോദ്യത്തിനും റത്തീന മറുപടി നല്‍കുന്നുണ്ട്. മമ്മൂക്കയുടെ അടുത്ത് നേരിട്ടല്ല ഞാന്‍ ഈ കഥ പറയുന്നത്. അന്ന് ലോക്ക് ഡൗണാണ്. ഞാന്‍ ശരിക്കും ആദ്യം തീരുമാനിച്ച സിനിമ ഇതല്ലായിരുന്നു.

ആ കഥ ഞാന്‍ പറഞ്ഞു അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍ അന്ന് ചില കാരണങ്ങള്‍ കൊണ്ട് ആ തിരക്കഥ എഴുതാന്‍ എനിക്ക് പറ്റിയില്ല. അങ്ങനെയാണ് പുതിയ തിരക്കഥാകൃത്തുക്കളെ നോക്കുന്നത്.

ഒരിക്കല്‍ ഉണ്ടയുടെ സെറ്റില്‍ വെച്ച് ഹര്‍ഷദ്ക്കായെ മമ്മൂക്ക പരിചയപ്പെടുത്തി. അവിടെ നിന്നും ഒരു സബ്ജക്ട് കിട്ടി. അത് വലിയ പടമായി മാറി. അങ്ങനെ നില്‍ക്കുമ്പോഴാണ് കൊവിഡ് വന്നത്. അതോടെ അത് ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് വന്നു.

നമുക്ക് മറ്റെന്തെങ്കിലും ആലോചിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് ഹര്‍ഷദ് ഈ കഥ പറയുന്നത്. അദ്ദേഹം 38 പേജുള്ള ഒരു സംഭവമാണ് അയച്ചുതന്നത്. വായിച്ചപ്പോള്‍ ഭയങ്കര ഇഷ്ടമായി. ഉടന്‍ തന്നെ മമ്മൂക്കയെ വിളിച്ചു. അദ്ദേഹം അത് അയക്കാന്‍ പറഞ്ഞു.

തൊട്ടുപിന്നാലെ തന്നെ ഞാന്‍ മമ്മൂക്കയെ വിളിക്കാന്‍ തുടങ്ങി. എന്താണ് മറുപടിയെന്ന് ചോദിച്ച്. കുറച്ച് കഴിഞ്ഞപ്പോള്‍ നമുക്ക് ഇത് വെച്ച് മുന്നോട്ടുപോകാമെന്ന് പറഞ്ഞ് മെസ്സേജ് അയക്കുകയായിരുന്നു.

പുഴു എന്ന് സിനിമയ്ക്ക് പേരിടാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് ചിത്രം റിലീസ് ചെയ്യാത്ത സ്ഥിതിയ്ക്ക് അത് പറയണോ എന്നായിരുന്നു റത്തീനയുടെ ചോദ്യം. പുഴു എന്നത് ഈ സിനിമയ്ക്ക് ഇടേണ്ട പേര് തന്നെയാണെന്ന് നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും റത്തീന പറഞ്ഞു. സിനിമ കണ്ട് തീരുമ്പോള്‍ എന്തുകൊണ്ടാണ് പുഴു എന്ന് പേരിട്ടതെന്ന് മനസിലാകുമെന്നും റത്തീന പറഞ്ഞു.

പുഴു എന്ന് പറഞ്ഞാല്‍ അധമന്‍, താഴെക്കിടയിലുള്ളവന്‍ ഏറ്റവും മോശമായിട്ടുള്ളത് എന്നൊക്കെ അര്‍ത്ഥം വരും. പുഴു കൃമി കീടം എന്നൊക്കെ പറയുന്ന പോലെ ആ മീനിങ്ങിലാണ്. സിനിമയുമായി വളരെ ചേര്‍ന്നു നില്‍ക്കുന്ന പേരാണ്. നാലോ അഞ്ചോ പേരുകള്‍ കണ്ടിരുന്നു. അതില്‍ നിന്നാണ് പുഴുവിലെത്തിയത്.

Content Highlight: Puzhu Director Ratheena about movie scenes she cuts on editing table