പുത്തുമലയിലെ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന് നാല് കുടുംബങ്ങള്‍
Puthumala
പുത്തുമലയിലെ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന് നാല് കുടുംബങ്ങള്‍
ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 7:48 pm

മേപ്പാടി: ഉരുള്‍പ്പൊട്ടലുണ്ടായ പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന് കാണാതായ അഞ്ചു പേരില്‍ നാലു പേരുടെയും കുടുംബങ്ങള്‍. അതേ സമയം ഒരിടത്തു കൂടി തെരച്ചില്‍ നടത്തണമെന്ന് ദൂരന്തത്തില്‍ പെട്ട ഹംസയുടെ മകന്‍ പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തും. അടുത്ത ദിവസം ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ വിവാഹം ഉള്ളതിനാലാണ് തെരച്ചില്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

പ്രദേശത്തെ തെരച്ചില്‍ എന്‍.ഡി.ആര്‍.എഫ് അവസാനിപ്പിക്കും. അതേസമയം നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായ തിരച്ചില്‍ തുടരും. പുത്തുമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങളുയര്‍ന്നത്.

തെരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച എല്ലാ നടപടികളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൃപ്തി രേഖപ്പെടുത്തി.

ഇതുവരെ 12 പേരെയാണ് പുത്തുമലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാതായതോടെ പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിച്ചിരുന്നു.