പുഷ്പ 2വില്‍ ഫഹദിന് പകരം അര്‍ജുന്‍ കപൂറോ? പ്രതികരണവുമായി നിര്‍മാതാവ്
Film News
പുഷ്പ 2വില്‍ ഫഹദിന് പകരം അര്‍ജുന്‍ കപൂറോ? പ്രതികരണവുമായി നിര്‍മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th October 2022, 12:02 pm

തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഫഹദ് ഫാസിലിന്റെ കട്ട വില്ലന്‍ റോളാണ് പുഷ്പയുടെ രണ്ടാം ഭാഗത്തിലേക്ക് പ്രതീക്ഷയേറ്റുന്ന ഘടകം.

അതേസമയം ചിത്രത്തില്‍ ഫഹദിന്റെ റോളില്‍ ഇനി ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ് എത്തുന്നത് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് നവീന്‍ യെര്‍നേനി തന്നെ രംഗത്തെത്തിയിരുക്കുന്നത്. പുഷ്പ 2വില്‍ അര്‍ജുന്‍ കപൂര്‍ ഇല്ലെന്നും ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും യെര്‍നേനി പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഫഹദ് ഫാസില്‍ തന്നെയാണ് ബല്‍വന്‍ ഷെഖാവത്തിന്റെ റോള്‍ ചെയ്യുന്നത്. ഇത് 100 ശതമാനവും തെറ്റായ വാര്‍ത്തയാണ്. ഈ മാസം അവസാനം പുഷ്പ 2വിന്റെ ഷൂട്ട് ആരംഭിക്കും. ഹൈദരബാദിലെ ഷൂട്ട് തീര്‍ത്തതിന് ശേഷം വനത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കും പോകും,’ യെര്‍നേനി പറഞ്ഞു.

സുകുമാര്‍ ആണ് പുഷ്പയുടെ സംവിധായകന്‍. ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ശേഷാചലം കുന്നുകളില്‍ വളരുന്ന ചന്ദനകള്ളക്കടത്ത് സംഘത്തിലെ ഒരു സാധാരണ അംഗത്തിന്റെ ഉയര്‍ച്ചയാണ് പുഷ്പ ആദ്യഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. ഒന്നാം ഭാഗം സാമ്പത്തികമായി ഗംഭീര വിജയം നേടി.

100 ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രത്തിനായി നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൈത്രി മൂവി മേക്കേഴ്സ് മുട്ടംസെട്ടി മീഡിയയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം വിതരണം ചെയ്തത്.

Content Highlight: pushpa’s producer Naveen Yerneni denying the news that Arjun Kapoor will play the role of Fahad faasil