എഡിറ്റര്‍
എഡിറ്റര്‍
സാധാരണക്കാരന്റെ ആത്മരോഷവും പുണ്യാളന്റെ പ്രസംഗങ്ങളും 
എഡിറ്റര്‍
Friday 17th November 2017 6:54pm

ചിത്രം: പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്
ഡൂള്‍ന്യൂസ് റേറ്റിംഗ്: 2.5/5
സംവിധാനം: രഞ്ജിത് ശങ്കര്‍
തിരക്കഥ: രഞ്ജിത് ശങ്കര്‍
നിര്‍മ്മാണം: ഡ്രീംസ് ആന്‍ഡ് ബിയോണ്ട്
ഛായാഗ്രഹണം: വിഷ്ണു നാരായണന്‍


ഫീല്‍ ഗുഡ് മൂവിസിന്റെ അപ്പന്മാരാണ് രഞ്ജിത് ശങ്കറും ജയസൂര്യയും. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം പോസിറ്റീവ് കഥകള്‍ പറഞ്ഞവയാണ്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ആന പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി നിര്‍മ്മിക്കുന്ന ജോയ് താക്കോല്‍ക്കാരനെന്ന തൃശ്ശൂര്‍ക്കാരാനായി ജയസൂര്യ തകര്‍ത്തഭിനയിച്ച ചിത്രം. ചിരിയും ചിന്തയുമൊക്കെ നിറഞ്ഞിരുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗവുമായി ജയസൂര്യയും രഞ്ജിത് ശങ്കറും വീണ്ടും എത്തിയിരിക്കുകയാണ്. തമാശയും സാമൂഹ്യ പ്രതിബദ്ധതയും തന്നെയാണ് രണ്ടാം ഭാഗത്തിലേയും ചേരുവകള്‍.
ഒന്നാം ഭാഗം നിര്‍ത്തിയെടുത്താണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ചന്ദനത്തിരി കമ്പനി പൊളിയുന്നതും തുടര്‍ന്ന് ജോയ് താക്കോല്‍ക്കാരന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അത് മറി കടക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അഗര്‍ബത്തീസ് പൊളിഞ്ഞ താക്കോല്‍ക്കാരന്‍ തന്റെ പുതിയ റിസര്‍ച്ചിലേക്ക് കടക്കുന്നു.
ഏതു പ്രതിസന്ധിയിലും പോസ്റ്റീവ് ചിന്തകള്‍ മാത്രമുള്ള ജോയിയുടെ പുതിയ കണ്ടുപിടുത്തം ആനപ്പിണ്ടത്തില്‍ നിന്നുമുള്ള കുടിവെള്ളമാണ്. പുണ്യാളന്‍ വെള്ളം. ആനപ്പിണ്ടത്തില്‍ നിന്നും വെള്ളമോ എന്ന് അന്ധാളിച്ച് നില്‍ക്കുന്നതിനിടെ ചിത്രം പുണ്യാളന്‍ വെള്ളത്തിന്റെ ബിസിനസ് ലോകത്തിലേക്ക് കടക്കുന്നു. തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രതീക്ഷകളൊക്കെ തകര്‍ന്ന് ബിസിനസ് പൊളിയുന്നു. അതിന് കാരണമോ ഇവിടുത്തെ സംവിധാനവും. അങ്ങനെ ചിത്രം ഒന്നാം പകുതിയില്‍ തന്നെ അതിന്റെ അവതാര ലക്ഷ്യം പ്രഖ്യാപിക്കുകയാണ്. സാധാരണക്കാരനെ ഇവിടുത്തെ ഭരണസംവിധാനം എങ്ങനെ വീര്‍പ്പു മുട്ടിക്കുന്നു എന്നതാണ് ജോയ് താക്കോല്‍ക്കാരന്‍ സംസാരിക്കുന്ന വിഷയം.
ഒന്നാം ഭാഗത്തില്‍ റോഡിലെ കുഴി നികത്തിയും ഹര്‍ത്താലിനെതിരെ കോടതിയില്‍ പോയും കയ്യടി നേടിയ താക്കോല്‍ക്കാരന്‍ ഒരു പടി കൂടി കടന്ന് കൂടുതല്‍ ശക്തമായ പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കുന്നു. അഴിമതിയും സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും തനിക്ക് വെല്ലുവിളികള്‍ തീര്‍ക്കുമ്പോള്‍ അതിനെതിരെ നിയമം ലംഘിച്ചു കൊണ്ട് പ്രതിഷേധിക്കുക എന്നതാണ് താക്കോല്‍ക്കാരന്റെ സമരമാര്‍ഗ്ഗം.
Image result for punyalan 2
ആധാര്‍, സ്ത്രീ പീഡനം, നോട്ട് നിരോധനം, ജി.എസ്.ടി, അസഹിഷ്ണുത, തുടങ്ങി ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളിലൂടേയും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം പകുതിയില്‍ കടന്നു പോകുന്നു. സമൂഹത്തിന്റെ ആത്മരോഷം ജോയിയിലൂടെ രഞ്ജിതും ജയസൂര്യയും അറിയിക്കുന്നിടത്തെല്ലാം കയ്യടിയാണ്. ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ചിത്രത്തിലെ പല ഡയലോഗുകളും രംഗങ്ങളുമെല്ലാം ആവര്‍ത്തനമായി തോന്നിയേക്കാം. എന്നാലും ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സംവിധാനത്തോടുള്ള അവന്റെ പ്രതിഷേധം ജോയ് താക്കോല്‍ക്കാരന്‍ വിളിച്ചു പറയുന്നു എന്നതു തന്നെ കയ്യടിക്കാനുള്ള കാരണമാണ്.
‘ഇനി ഇട്ടിരിക്കുന്ന അണ്ടര്‍വെയര്‍ മാത്രമേ ലിങ്ക് ചെയ്യാന്‍ ബാക്കിയുള്ളൂ..’ , ‘നടു റോഡില്‍ സ്വന്തം മതം എതാണെന്ന് ധൈര്യത്തോടെ പറയാന്‍ പറ്റുന്നുണ്ടോ’, തുടങ്ങിയ ഡയലോഗുകളിലൂടെ താക്കോല്‍ക്കാരന്‍ സമൂഹത്തിന്റെ നാവായി മാറുന്നു. ഇത്തരത്തില്‍ നീതിക്കുവേണ്ടി സംസാരിക്കാന്‍, അഴിമതിയ്ക്കും ഭരണകൂട വ്യവസ്ഥയ്ക്കുമെതിരെ സംസാരിക്കാന്‍ കഴിയാത്തവരുടെ ശബ്ദമായി ഒന്നാം പകുതി അവസാനിക്കുന്നിടത്ത് ‘അവതാരമെടുത്ത’് ജോയ് താക്കോല്‍ക്കാരന്‍ നില്‍ക്കുന്നു.
പുട്ടിന് പീരയെന്ന പോലെ കൃത്യമായ അളവില്‍ അതാത് സമയത്ത് സ്വാഭാവിക തമാശകളുമായി അഭയകുമാറും സംഘവും ഹാജരാകുന്നുണ്ട്. ജോയ് താക്കോല്‍ക്കാരനെന്ന മുതലാളിയുടെ വിശ്വസ്തരും മണ്ടന്മാരുമായ തൊഴിലാളികളും ഇത്തവണയും ചിരിയ്ക്ക് കുറവ് വരുത്തുന്നില്ല. വക്കീലായ ധര്‍മ്മജനും എത്തുന്നതോടെ ചിരിയുടെ മീറ്റര്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.
Image result for punyalan 2
രണ്ടാം പകുതിയില്‍ സ്വാഭാവികമായും രക്ഷകന്‍ റോളിലേക്ക് മാറുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നിടത്ത് ജോയ് താക്കോല്‍ക്കാരന്‍ എന്ന തനി ബിസിനസുകാരനായി ജയസൂര്യ മാറുന്നു. തന്നെ നാലു ഭാഗത്തു നിന്നും പൂട്ടുന്ന അഴിമതി നിറഞ്ഞ സംവിധാനത്തിനെതിരെ അഴിമതിയെ തന്നെ ജോയ് മാര്‍ഗ്ഗമായി സ്വീകരിക്കുന്നു. തനിക്ക് ഒരു വെല്ലുവിളിയാകുമ്പോള്‍ മാത്രം സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും അല്ലാത്തപ്പോള്‍ അതേ സിസ്റ്റത്തിന്റെ ഭാഗമാവുകയും ചെയ്യുന്ന ടിപ്പിക്കല്‍ മലയാളിയായി ജോയ് മാറുന്നു.
ചടുലമായി നീങ്ങിയ ഒന്നാം പകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ പുണ്യാളന്‍ ലാഗടിക്കുന്നുണ്ട്. അതും രഞ്ജിത് സിനിമകളുടെ രീതിയാണ്. തമാശകള്‍ കുറവായ രണ്ടാം പകുതിയില്‍ സിസ്റ്റവും കോമണ്‍മാനും തമ്മിലുള്ള പോരാട്ടമാണ്. മുഖ്യമന്ത്രിയായി എത്തുന്ന വിജയരാഘനും ജയസൂര്യയും മുതല്‍വനിലെ രഘുവരന്‍-അര്‍ജുന്‍ കളി കളിച്ചാണ് രണ്ടാം പകുതിയെ ക്ലൈമാക്സിലേക്ക് എത്തിക്കുന്നത്.
സാമൂഹ്യ പ്രതിബദ്ധതയ്ക്കും പൗരന്റെ അവകാശങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ട് രണ്ടാം പകുതിയിലെ പല ഡയലോഗുകളും വെറും കയ്യടി മാത്രം ഉദ്ദേശിച്ചിട്ടുള്ളവയാണ്. പലതും പല വട്ടം ആവര്‍ത്തിക്കപ്പെട്ടവയും തൊട്ടാല്‍ പൊട്ടുന്ന കുമിളകളും.
ഇവിടെ വിയോജിപ്പ് തോന്നാവുന്നത് ജോയിയുടെ ക്യാരക്ടറിനോടാണ്. ഏത് അഴിമതിയേയും ഭരണ വ്യവസ്ഥയേയുമാണോ ജോയ് എതിര്‍ത്തത് അതേ വ്യവസ്ഥയുമായി സ്വന്തം നേട്ടത്തിനായി സന്ധി ചേരാന്‍ തയ്യാറാകുന്ന ജോയിയെ അംഗീകരിക്കാന്‍ ചിലപ്പോള്‍ ഒരു വിഭാഗം പ്രേക്ഷകന് സാധിച്ചില്ലെന്നു വരാം.
Image result for punyalan 2
ഒരു ഹിറ്റ് ചിത്രത്തിന്റെ അതും ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രമാക്കി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. അങ്ങനെയൊരു ചിത്രം തയ്യാറാക്കുമ്പോള്‍ നായകനുണ്ടാകാന്‍ സാധ്യതയുള്ള സൂപ്പര്‍ ഹീറോ ഭാവമോ അതിനാടകീയതയോ ജോയിയായി വീണ്ടും എത്തുമ്പോള്‍ ജയസൂര്യയ്ക്ക് ഇല്ല. നാല് വര്‍ഷത്തിന് ഇപ്പുറത്തും ജോയ് താക്കോല്‍ക്കാരന്‍ നൂറ് ശതമാനം ജോയ് താക്കോല്‍ക്കാരനാണ്.
സ്ഥിരം നമ്പറുകളാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലും രഞ്ജിത് ശങ്കര്‍ പ്രയോഗിച്ചിരിക്കുന്നതെങ്കിലും ചിത്രം ഒട്ടും വിരസമല്ല. ഒരു സാധാരണ പ്രക്ഷകന് കയ്യടിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. കഥയുടെ പ്രവചനീയതയും കവല പ്രസംഗം പോലുള്ള ഡയലോഗുകളും ഒഴിവാക്കി നിര്‍ത്താന്‍ സാധിച്ചാല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പോസിറ്റീവാണ്.

Advertisement