ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ഇതില്‍ എന്താ ഇത്ര വലിയ കാര്യം ലോകക്കപ്പില്‍ പോലും ടോസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്; ലക്ചറെ തെരഞ്ഞെടുക്കാന്‍ ടോസിട്ടതിന് വിചിത്ര ന്യായവുമായി പഞ്ചാബ് മന്ത്രി
ന്യൂസ് ഡെസ്‌ക്
Wednesday 14th February 2018 11:43am

ചണ്ഡീഗഡ്: കോയിന്‍ ടോസിട്ട് സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളെജിലേക്കുള്ള ലക്ചറെ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ച പഞ്ചാബ് മന്ത്രിയുടെ നിര്‍ദ്ദേശം വിവാദത്തില്‍. മാധ്യമങ്ങള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ടോസിട്ട് നിയമനം നടത്തിയത്.

പഞ്ചാബിലെ പാട്യാലയിലെ സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ ലക്ചര്‍ അടക്കം 37 തസ്തികയിലേക്ക് കഴിഞ്ഞ ദിവസം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ ലക്ചര്‍ പോസ്റ്റിലേക് രണ്ട് പേരാണ് അപേക്ഷിച്ചിരുന്നത്. തുടര്‍ന്ന് മെറിറ്റ് അനുസരിച്ച് നിയമനം നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചപ്പോഴായിരുന്നു ടോസിടാന്‍ മന്ത്രി നിര്‍ദേശിച്ചത്.

തുടര്‍ന്ന് മന്ത്രി തന്നെ കോയിന്‍ എടുത്ത് ടോസ് ചെയ്യുകയായിരുന്നു. മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി.പഞ്ചാബിലെ അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ മന്ത്രിമാരുടെ ഗുണങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും ബി.ജെ.പി പറഞ്ഞു.

എന്നാല്‍ താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും ലോകകപ്പ് ക്രിക്കറ്റില്‍ പോലും ടോസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഒരേ തസ്തിക ആവശ്യപ്പെട്ടതും കൊണ്ടും മാര്‍ക്ക് ഒരേ പോലെയായതുകൊണ്ടുമാണ് ടോസിട്ടതെന്നുമാണ് രണ്‍ജിത് സിംഗ് ചന്നിയുടെ വിശദീകരണം.

Advertisement