ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
ചാവേറെന്നു സംശയം; ജമ്മു കശ്മീരില്‍ 18കാരി പിടിയില്‍, പിടിയിലായത് ഐഎസില്‍ ആകൃഷ്ടയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കൗണ്‍സിലിങ്ങിന് വിധേയയായ പെണ്‍കുട്ടി
ന്യൂസ് ഡെസ്‌ക്
Saturday 27th January 2018 11:09am

ചാവേറെന്നു സംശയം; ജമ്മു കശ്മീരില്‍ 18കാരി പിടിയില്‍, പിടിയിലായത് ഐഎസില്‍ ആകൃഷ്ടയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കൗണ്‍സിലിങ്ങിന് വിധേയയായ പെണ്‍കുട്ടി
ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ കൗമാരക്കാരി ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 18 കാരി പിടിയില്‍. പൂനെയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ക്ക് ആണ് പിടിയിലായത്.

തെക്കന്‍ കശ്മീരിലെ ബിജ്‌ഭെറ നഗരത്തില്‍ നിന്നാണ് പെണ്‍കുട്ടി അറസ്റ്റിലായത്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ചെയ്ത പെണ്‍കുട്ടി ചാവേറാണോയെന്ന കാര്യവും സ്ഥീരികരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയോട് സംസാരിച്ചശേഷവും കൃത്യമായ അന്വേഷണത്തിനുശേഷവും മാത്രമേ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂവെന്നാണ് ഐ.ജി മുനീര്‍ അഹമ്മദ് ഖാന്‍ പറയുന്നത്. പെണ്‍കുട്ടിയില്‍ നിന്നും സംശയാസ്പദമായ തരത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.

പൂനെയില്‍ നിന്നുള്ള ഫാര്‍മസി വിദ്യാര്‍ഥിയാണ് സാദിയ അന്‍വര്‍. അടുത്തിടെ അവര്‍ ഒരു കോള്‍സെന്ററില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് പെണ്‍കുട്ടി പൂനെ വിട്ടതെന്നും പൊലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അറസ്റ്റിനു പിന്നാലെ പൂനെയിലെ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും ഇവര്‍ ജോലി ചെയ്ത കോള്‍സെന്ററുമായും പൊലീസ് ബന്ധപ്പെട്ടിരുന്നു.

2015 മുതല്‍ അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഈ പെണ്‍കുട്ടിയെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി തീവ്രവാദ സംഘടനകളിലേക്ക് പെണ്‍കുട്ടി ആകൃഷ്ടയായി എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ നിരീക്ഷിച്ചിരുന്നു. ആ സമയത്ത് മഹാരാഷ്ട്ര എ.ടി.എസ് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയിരുന്നതായും പൊലീസ് പറയുന്നു.

അതിനിടെ, പെണ്‍കുട്ടിയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് പൊലീസ് പ്രചരിപ്പിക്കുന്നതെന്ന് അമ്മ പറഞ്ഞു. എന്നാല്‍ സാദിയ എന്തിനാണു ജമ്മു കശ്മീരിലേക്കു വന്നതെന്ന ചോദ്യത്തിന് ഇവര്‍ മറുപടി നല്‍കിയിട്ടില്ല.

Advertisement