എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന; നടി പറഞ്ഞ സ്ത്രീയെ കുറിച്ചും അന്വേഷണം
എഡിറ്റര്‍
Wednesday 19th April 2017 10:37am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രജീഷ് ചാക്കോയെ പൊലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാണ് പരിശോധന.

നടിയെ ഉപദ്രവിച്ചശേഷം ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോക്ക് കൈമാറിയിരുന്നെന്ന് സുനി മൊഴി നല്‍കിയിരുന്നു. കൂടാതെ കായലില്‍ എറിഞ്ഞുകളഞ്ഞെന്നും മൊഴി നല്‍കി.

എന്നാല്‍ അഭിഭാഷകനെ രണ്ടുതവണ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അതിനാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇതിന് പിന്നാലെ നുണപരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാതെ വന്നാല്‍ അഭിഭാഷകനെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കൂട്ടുപ്രതിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗം സംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.
കേസില്‍ അറുപത് ദിവസത്തിനുളളില്‍ ആദ്യ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ ആകെ ഏഴുപ്രതികളാണുളളത്. ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് മറ്റുപ്രതികള്‍.

375 പേജുളള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ അന്വേഷണം തുടരും. ഇത് പൂര്‍ത്തിയായ ശേഷം മറ്റൊരു കുറ്റപത്രം കൂടി നല്‍കും.
സുനിയുടെയും കൂട്ടത്തിലുളള മറ്റു പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഏപ്രില്‍ 20ന് അവസാനിക്കും. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കിയാലും വീണ്ടും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. തനിക്കെതിരെ നടന്ന ഗൂഢാലോചനയില്‍ ഒരു സ്ത്രീയെ സംശയമുണ്ടെന്നും എന്നാല്‍ തെളിവില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്തുന്നുമില്ലെന്നും നടി അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സ്ത്രീയെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement